ഓളപ്പരപ്പിലൂടെ………….

ങ്ങനെയാണു് ആ പേര് വന്നതു്?

ആഴമുള്ള പുഴകളുടെ നാടു്. , ആദ്യം ഉത്തരം നല്കിയതു് സുപ്പു (അശ്വിന്‍ പ്രീത്)ആയിരുന്നു. ചോദ്യം ഈ യാത്രയില്‍ ഞങ്ങളുടെ മാര്‍ഗ്ഗോപദേശകനും കുട്ടനാടിന്റെ കിഴക്കുഭാഗം കോട്ടയത്തിനോടടുത്തുള്ള നീലമ്പേരൂര്‍ സ്വദേശിയും അതിലുപരി   ‘നീലമ്പേരൂര്‍ പൂരം പടയണി – ചരിത്രം സംസ്കാരം‘  ഗ്രന്ഥകാരനുമായ ശ്രീ ആനന്ദക്കുട്ടന്‍ മാഷില്‍ നിന്നായിരുന്നു.

അതെ, ‘ജലസമൃദ്ധമായഎന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന ആലം, ആല് തുടങ്ങിയ സംസ്കൃത പദങ്ങളില്‍നിന്നുമാണു് ആലപ്പുഴ എന്നും ആഴി + പുഴ ചേർന്ന് ആഴിപ്പുഴയാണ് ആലപ്പുഴയായതെന്നും പറയുന്നു.  2013 – നു് ആലപ്പുഴയുടെ ചരിത്രത്തില്‍ മറ്റൊരു പ്രാധാന്യംകൂടിയുണ്ട്, 1762 –ല്‍ രാജാകേശവദാസ് ആലപ്പുഴപ്പട്ടണം രൂപീകരിച്ചു് പില്‍ക്കാലത്ത് കഴ്‌സണ്‍ പ്രഭു കിഴക്കിന്റെ വെനീസ് എന്നു് വിശേഷിപ്പിച്ച ഈ വാണിജ്യ നഗരം നിലവില്‍വന്നിട്ടു് ഇന്നേയ്ക്ക് 250 –വര്‍ഷം കഴിഞ്ഞിരിക്കുന്നു.

വിക്കി സംഗമോത്സവം 2013 –ന്റെ മൂന്നാം നാള്‍ ഡിസംബര്‍മാസം 23-ആം തീയ്യതി, വിക്കീപീഡിയര്‍ക്കായി സംഘടിപ്പിച്ച  ‘വിക്കി ജലയാത്ര – തണ്ണീര്‍ത്തട പഠനത്തിനു്’  കാലത്ത് ഒമ്പത് മണിയോടെ ആലപ്പുഴ മാതാ ബോട്ട് ജട്ടിയില്‍നിന്നു് ആരംഭംകുറിച്ചു. രണ്ട് ബോട്ടിലായാണു് യാത്രപുറപ്പെട്ടത്. ഞാനും അനിയത്തി ശ്രീക്കുട്ടിയുമടക്കം (ഭാഗ്യശ്രീ) 25-ഓളംപേരടങ്ങുന്ന  കുടുംബത്തോടൊപ്പമുള്ളവര്‍ ആനന്ദക്കുട്ടന്‍ മാഷിന്റെ നേതൃത്വത്തില്‍ നാല്‍പതില്‍ ചിറബോട്ടിലും ഒരു വള്ളപ്പാടകലെ അന്യഭാഷാ വിക്കീപീഡിയര്‍ ഉള്‍പ്പെട്ട വലിയൊരു വിഭാഗം സുജിത്തേട്ടന്റെയും ശ്രീ ഗോപകുമാര്‍ മാഷിന്റെയും അകമ്പടിയോടെ തെക്കുംതലക്കില്‍ ബോട്ടിലുമായി കുട്ടനാടിന്റെ ഹൃദയത്തിലേക്ക് ലക്ഷ്യംവച്ചുകൊണ്ട് കാറ്റിന്റെ ഗതിയെ നിയന്ത്രിച്ചും വെട്ടാറിന്റെ ഇരുഭാഗങ്ങളിലേക്ക് ഓളംതീര്‍ത്തും മുന്നോട്ടുകുതിച്ചു. പ്രകൃതിയിലെ വെള്ളപ്പാച്ചിലില്‍ മനുഷ്യ നിര്‍മ്മിതമായ ചരിത്രം തേടിയുള്ള യാത്ര, കുട്ടനാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിയാനുള്ള യാത്ര.

sangamolsavam

സംഗമോത്സവത്തിന്റെ ചുവര്‍പരസ്യം

3600 -ഓളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉണ്ടായിരുന്ന വേമ്പനാട്ടുകായല്‍ ഇന്നു് 1512 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. 96 കിലോമീറ്ററാണു് വേമ്പനാട്ടു് കായലിന്റെ നീളം, പരമാവധി വീതി 14 കിലോ മീറ്ററും. ഓരോ ഭാഗത്തും കായല്‍ ഓരോ പേരിലാണു് അറിയപ്പെടുന്നത്. കേട്ടറിഞ്ഞ കുട്ടനാടിനു് ഞാന്‍ നല്‍കിയ  സങ്കല്‍പ്പത്തില്‍നിന്നും എത്രയോ വ്യത്യസ്തമായ അനുഭവങ്ങളാണു് വേമ്പനാട്ടുകായലിലേയ്ക്ക് പ്രവേശിച്ചതുമുതല്‍ക്ക് എനിക്ക് അനുഭവപ്പെട്ടത്. ഓരോ കാഴ്ചയും കണ്ണിനു് ദൃശ്യചാരുതമാത്രമല്ല , ഈ മനോഹാരിത സൃഷ്ടിക്കുവാനായി ആയിരങ്ങളുടെ അദ്ധ്വാനത്തിന്റെയും സഹനത്തിന്റെയും ജീവിതത്തിന്റേതുതന്നെയുമായ സമര്‍പ്പണങ്ങളാണു് കരയെ സംരക്ഷിച്ചുകൊണ്ട് കായലിന്റെ ഇരുകരകളിലായി നമുക്ക് കാണാന്‍സാധിക്കുന്നതെന്നു് ആനന്ദക്കുട്ടന്‍ മാഷിന്റെ പ്രാഥമിക വിവരണത്തില്‍ നിന്നും എനിക്കുമനസ്സിലായി. ബോട്ട് ഫിനിഷിങ്ങ് പോയന്റിനെ ലക്ഷ്യംവച്ചിരിക്കുന്നു.

നാല്‍പതില്‍ ചിറ കൂട്ടം

നാല്‍പതില്‍ ചിറ കൂട്ടം

കുട്ടനാടന്‍ ഞാറ്റുപാടം

കുട്ടനാടന്‍ ഞാറ്റുപാടം

എല്ലാരും കാഴ്ചകളാസ്വദിക്കവെ ഒരു കുട്ടനാടന്‍ കവി പാടിയ പാട്ട് മാഷ് പാടിത്തുങ്ങി….!

കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ കുത്തിയെടുത്തതാര്

സ്വര്‍ഗ്ഗംപോല്‍ സുന്ദരമാക്കുവാന്‍ ദുഃഖം സഹിച്ചതാര്

പാടവരമ്പത്തെ പുല്ലണിമെത്തയില്‍ ഓമല്‍ക്കിടാവിന്റെ തേങ്ങല്‍

നോവിന്‍ തുമ്പികളായി ഉയരുമ്പോഴും ഞാറ് പറിച്ചവരാര്?”

ആ കവിതയില്‍ എല്ലാ വികാരങ്ങളുമുണ്ട്. കര്‍ഷകരുടെ എല്ലാ വേദനകളും സഹനവുമുണ്ട്.

അപ്പുക്കുട്ടന്‍ മാഷ്

വിശ്വേട്ടന്‍ അബ്ദുള്‍ ജബ്ബാര്‍ മാഷ് , ആനന്ദക്കുട്ടന്‍ മാഷ് ,സാനു മാഷ്

പ്രായത്തെ മന:ശക്തികൊണ്ട് തോല്പിക്കുന്ന ആനന്ദക്കുട്ടന്‍ മാഷിന്റെ വാക്കുകളില്‍ ഞങ്ങള്‍ക്കു് കേള്‍ക്കാനായത് ചുറ്റുമുള്ള ദൃശ്യ ചാരുതയുടെ വാങ്മയ ചിത്രങ്ങളല്ലായിരുന്നു. പകരം കുട്ടനാടിന്റെ ഒരു വൃദ്ധ കര്‍ഷകന്റെ ആധികളായിട്ടായിരുന്നു ആ വാക്കുകള്‍ ഞങ്ങളെ സ്പര്‍ശിച്ചത്.ഒരിക്കല്‍ മനുഷ്യ സഹവാസം അസാധ്യമായിരുന്ന ചതുപ്പുനിലങ്ങളെ മനുഷ്യവാസയോഗ്യമാക്കിയ ഒരു കാലഘട്ടത്തിന്റെ മനുഷ്യരുടെ ബുദ്ധിയും പ്രായോഗിക സാങ്കേതിക പരിജ്ഞാനത്തേയും പാടേ വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ അവിടം വികസനത്തിന്റെ വികലമായ ബാക്കിപത്രമാവുകയാണെന്ന മാഷിന്റെ പരിഭവം ശരിവെക്കുന്ന കാഴ്ചകള്‍ നമ്മെ നീറിപ്പുകയ്ക്കുന്ന ഒരു കാഴ്ചക്കാരനാക്കി മാറ്റുന്നു. ഓളങ്ങളില്‍ അനങ്ങാതെ നില്‍ക്കുന്ന കരിങ്കല്‍ കാടുകളുടെ സ്ഥാനത്ത് കായല്‍ത്തീരങ്ങള്‍ ഒരിക്കല്‍ കണ്ടല്‍ക്കാളുടെയും കൈതകളുടെയും ജീവനുള്ള വേരുകളുടെ തടവറയിലായിരുന്നു.ആക്രോശിച്ചു വരുന്ന തിരകളെ വേരുകളില്‍ക്കൂടെ കടത്തിവിട്ടു മര്‍ദ്ദം കുറച്ചു തിരിച്ചയക്കുന്നു. ഇങ്ങനെയുള്ള പ്രകൃതിയുടെ കൈകള്‍ വെട്ടിമാറ്റി വികലാംഗയാക്കി മനുഷ്യ നിര്‍മ്മിതമായ കോണ്‍ക്രീറ്റ് പാവുകല്ലുകള്‍ പതിച്ചിരിക്കുന്നു.

പാടവരമ്പത്ത് തെങ്ങുകള്‍

പാടവരമ്പത്ത് തെങ്ങുകള്‍

മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയതും മടഞ്ഞ ഓലകൊണ്ടുള്ള ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു. കായലോട് ചേര്‍ന്ന ജൈവ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ ശാസ്ത്രീയമായി ബണ്ടുകള്‍ തീര്‍ത്താണു് കുട്ടനാടിനെ കൃഷിയോഗ്യമായ കരയാക്കിമാറ്റിയെടുത്തത്. ഇങ്ങനെ കുത്തിയെടുത്ത് കരയാക്കിമാറ്റിയ കുത്തനാട് പരിണമിച്ചാണു് കുട്ടനാട് ആയതെന്നും “കുട്ടം” എന്ന സംഘകാലസംജ്ഞയിൽ നിന്നുമാണു് കുട്ടനാട് ഉണ്ടായതെന്നും പറയപ്പെടുന്നു, പ്രാചീന ചേരസാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു പഴയ കുട്ടനാട് അഥവാ കുട്ടം. മുസിരിസ്, നെൽസിൻഡ തുടങ്ങിയ മുഖ്യ തുറമുഖങ്ങൾ ഇവിടെയായിരുന്നു. പല സംഘകാല ചക്രവർത്തിമാരും പേരിനൊപ്പം “കുട്ടുവൻ” (കുട്ടനാട്ടുകാരൻ എന്നർത്ഥം) എന്നു ചേർത്തിരുന്നു.( ചെങ്കുട്ടുവൻ ചേരൻ, പൽയാനൈ ചെൽകെഴു കുട്ടുവൻ തുടങ്ങിയവർ ഉദാഹരണം). സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്. (കുട്ടം = ഗർത്തം = കുഴി, കുട്ടകം പോലെയുള്ളതു്) – ഭൂപ്രകൃതിയിലെ ഈ പ്രത്യേകതകൊണ്ടാണു് കുട്ടനാട് എന്ന പേരു വന്നതെന്നു് ഒരു വിഭാഗം വാദിക്കുന്നു.

ശ്രീ ബുദ്ധന്റെ പ്രാദേശികനാമമാണു് കുട്ടൻ. വ്യാപകമായ ബുദ്ധമതസ്വാധീനമുണ്ടായിരുന്ന ഒരു കാലത്തു് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണു് കുട്ടനാട് എന്നു പേരു് വന്നതെന്നു് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്. പിൽക്കാലത്ത് കുട്ടനാട്ടിലെ കരുമാടിയിൽ സ്ഥിതിചെയ്യുന്ന ‘കരുമാടിക്കുട്ടൻ’ എന്ന പ്രശസ്തമായ പ്രതിമ ബുദ്ധന്റേതാണെന്നും കരുതപ്പെടുന്നു.

ചുട്ടനാട് ആണു് കുട്ടനാടായി മാറിയത്‌എന്നൊരു മറുവാദംകൂടി ഉണ്ട്. ഭാരതപുരാണത്തില്‍ അര്‍ജ്ജുനന്‍ ദഹിപ്പിച്ച നിബിഡവനപ്രദേശമായിരുന്ന ഖാണ്ഢവവനമാണു് കുട്ടനാട് എന്ന ഐതിഹ്യവും നിലനിന്നിരുന്നു. അതിനാലാണു് ചുട്ടനാട് എന്നു പേർ കിട്ടിയതെന്നും അന്നു് അഗ്നിക്കിരയായ മരങ്ങളുടെയും മറ്റും ചാരമാണു് കായലില്‍ കറുത്ത ചെളിയായി കാണപ്പെടുന്നത് എന്നുമായിരുന്നു കേട്ടുകേള്‍വി. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെൽ‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയർത്തിക്കാണിക്കുന്നുണ്ട്. ഈ ഐതിഹ്യം തെറ്റാണെന്നു് കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ ശാസ്ത്രം തെളിയിച്ചു. അതായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിലകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ച് രൂപംകൊണ്ട കാര്‍ബണിന്റെ സാന്നിദ്ധ്യമാണു് മണ്ണിനു് കറുപ്പ് നിറം കൈവരാന്‍ കാരണമായതു്. അച്ചന്‍കോവിലാറ് , മണിമലയാറു്, പമ്പ, മീനച്ചിലാറു്, മൂവാറ്റു്പുഴയാറ്  , പെരിയാര്‍ എന്നീ ആറ് നദികളാണു് വേമ്പനാട്ടു്കായലിലെ എക്കല്‍മണ്ണിന്റെ നിക്ഷേപകര്‍!. വര്‍ഷങ്ങള്‍ കഴിയുംതോറും ഇതിന്റെ അളവ് വര്‍ദ്ധിച്ചുവന്നു. എന്നാല്‍ ഇന്നു് കണക്കുകള്‍ തെറ്റിച്ചുകൊണ്ട് കായലിലെ എക്കല്‍ മണ്ണിന്റെ സാന്നിദ്ധ്യം കുറഞ്ഞുവരുന്നു. ഇത് കേരളത്തിന്റെ മൊത്തം ആവാസവ്യവസ്ഥയുടെ വ്യതിയാനങ്ങളുടെ പരിണിതഫലമായാണു്.

കണ്ണെത്താ ദൂരത്ത് കൊയ്ത്തുപാടങ്ങള്‍

കണ്ണെത്താ ദൂരത്ത് കൊയ്ത്തുപാടങ്ങള്‍

.ഡി. 1100 കാലഘട്ടം വരെ ചേരസാമ്രാജ്യം കുട്ടം,കുടം, വെണ്‍,പൂഴി കർക്കാ എന്നിങ്ങനെ  വിഭജിച്ചാണു് മലയാളനാട് ഭരിച്ചത്. അവ

കുട്ടം കുട്ടനാട് (ഇന്നത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളും കൊല്ലം ജില്ലയുടെയും പത്തനതിട്ട ജില്ലയുടെയും ചില ഭാഗങ്ങളും)

കുടം കുടനാട് (തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളും കോഴിക്കോട് ജില്ലയുടെ ചിലഭാഗങ്ങളും)

വെണ്‍ – വെമ്പൊലി നാട് (ആലപ്പുഴ, ചേര്‍ത്തല , വൈക്കം,കടുത്തുരുത്തി ,ഏറ്റുമാനൂര്‍ ,ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽവരെയുള്ള ഭാഗം )

പൂഴി പൂഴിനാട് (കണ്ണൂർ, കാസറകോഡ് ജില്ലകളും കോഴിക്കോട് ജില്ലയുടെ ബാക്കിയുള്ള ഭാഗങ്ങളും)

കർക്കാ – കർക്കാനാട് (കടക്കാനാവാത്ത നാട് എന്നർത്ഥം) – വയനാട്, ഗൂഡല്ലൂർ, മേഖല എന്നിങ്ങനെയാണു്.

          അതിനുമുമ്പ് എ.ഡി. അഞ്ചാം നൂറ്റാണ്ടുവരെ കുട്ടനാടിനെക്കുറിച്ച് സംഘം കാലഘട്ടത്തിലോ തമിഴ് സാഹിത്യത്തിലോ പറഞ്ഞുകേട്ടിട്ടില്ല. ആറാം നൂറ്റാണ്ടിലോമറ്റോ   ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെടുകയും അതിലൊന്നായിരുന്നു വെമ്പൊലിനാട്. ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ കിടക്കുന്ന കായലിന് വെമ്പനാട്ടുകായൽ എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു. വെമ്പൊലിനാട് വിഭജിച്ച് തെക്കന്‍കൂറും വടക്കന്‍കൂറുമായി മാറിയത്. ഏറ്റുമാനൂരും, വൈക്കവും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂർ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം ഹൈറേഞ്ച് ഇവ തെക്കുംകൂർ രാജ്യത്തിലായിരുന്നു. തെക്കന്‍കൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും, തളിക്കോട്ടയും, മണികണ്ഠപുരവും ആയിരുന്നു. പിന്നീട് തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കുകയും ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ഉണ്ടായി.  ഇന്നത്തെ കടുത്തുരുത്തി മുതൽ നിരണം വരെയുള്ള പ്രദേശങ്ങൾ ഒരുകാലത്ത് കടൽ ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആലപ്പുഴയുടെ ഉപദ്വീപിയമേഖല കടലിൽ നിന്ന് ഉയർന്നു വന്നതിന്റെ ഫലമായി ഒരിക്കൽ കടലായിരുന്ന ഭാഗം വേമ്പനാട്ടു് കായലായി മാറിയെന്നും, വിഭജിക്കപ്പെട്ട തെക്കന്‍കൂറിന്റെയും വടക്കന്‍കൂറിന്റെയും ഒരുഭാഗം താഴ്ന്നുപോയി, ആ പ്രദേശമാണു് വേമ്പനാട്കായലായി മാറിയതെന്നും സംസാരമുണ്ട്( നമുക്ക് തെളിവ് ആവശ്യമാണു്) . ആ നാടും ജനങ്ങളും ചെറിയൊരു സംസ്കാരവും വേമ്പനാട്ടുകായലായി താഴ്ന്നുപോയി. വിദേശ രാജ്യങ്ങളിലായിരുന്നെങ്കില്‍ ഒരു ആര്‍ക്കിയോളജി ഗവേഷണ പഠന സാധുതയുള്ള കേന്ദ്രമായി വേമ്പനാട് കായല്‍ മാറിയേനെ. ഇവിടെനിന്നും വാരിയെടുക്കുന്ന കക്കയ്ക്കും ചിപ്പിയ്ക്കും കടലിലെ കക്കയും ചിപ്പിയുമായി സാദൃശ്യം ഉണ്ടെന്നാണു് മാഷ് പറയുന്നതു്.

   ഏതാണ്ട് പത്ത് വര്‍ഷത്തോടെയായി കുട്ടനാട് ഒരു ജലവിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നു് , പണ്ട് ഒന്നോ രണ്ടോ കെട്ടുവളളങ്ങള്‍മാത്രമുണ്ടായിരുന്ന വേമ്പനാട്ടുകായലില്‍ ഇന്നു് 1300- ഓളം ശീതീകരിച്ച ഹൌസ്‌ബോട്ടുകള്‍ സ്വദേശ വിദേശ സഞ്ചാരികള്‍ക്ക് യാത്രാ സൌകര്യത്തിനായി ഓരോ കരകളിലും അടിഞ്ഞുകൂടിയതായി യാത്രയ്ക്കിടെ കാണാന്‍ കഴിഞ്ഞു. വിനോദസഞ്ചാരത്തിന്റെ അധിനിവേശത്തോടുകൂടി കാര്‍ഷിക സംസകാരത്തിന്റെ ഈറ്റില്ലത്തില്‍ ഇന്നു് കാണാന്‍ കഴിയുന്നത് കര്‍ഷകരെ മറന്നുള്ള ഒരു പുതിയ ആവാസവ്യവസ്ഥയും അതിനു് ആഭിമുഖ്യം കൊടുത്തുള്ള പുതിയ ജീവിതരീതിയുമാണു്. കായല്‍ കരയിലെമ്പാടുമുള്ള കുട്ടനാട്ടിലെ കര്‍ഷകരുടെ ചെറ്റക്കുടിലുകള്‍ക്ക് പകരം സഞ്ചാരികളുടെ മനംമയക്കത്തക്ക രീതിയിലുള്ള പഴയ സംസ്കാരത്തിന്റെ പുതിയ ഭാവഭേദങ്ങള്‍ ചേര്‍ത്തുമിനുക്കിയ വീടുകളും റിസോര്‍ട്ടുകളും ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളും ഏറുമാടങ്ങളുടെ രൂപത്തില്‍ ഈറ്റയും മുളയും മരങ്ങളും കൊത്തുപണികള്‍കൊണ്ടും പൈതൃകത്തിന്റെ പ്രൌഢിയോതി ഇരുകരകളില്‍ നിന്നും കൃത്രിമ ചിരികാട്ടി മാടിവിളിക്കുന്നതുപോലെ തോന്നി.‌ ഉമ്മറക്കോലായിലിരുന്നു് കായലിലേക്ക് നോക്കി സായിപ്പും മദാമ്മയും ആതിഥേയരെപ്പോലെ എന്തോ ചായക്കോപ്പയില്‍ സേവിച്ച്കൊണ്ട് ഞങ്ങള്‍ക്കുനേരെ കൈവീശുന്നുണ്ടായിരുന്നു.

ബോട്ട്

അനില്‍ മാഷ് വിവരണങ്ങള്‍ കേള്‍ക്കുന്നു

     ബോട്ട് അതിരടുപ്പിച്ച് കനാലിലൂടെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ കൊച്ചുകൊച്ചുവീടുകളും അവിടത്തെ ആളുകളും കണ്ണിമ വെട്ടി കാഴ്ചയായി മാറിമാറഞ്ഞു. ഞങ്ങള്‍ക്കിത് പുതു അനുഭവം, കരയിലുള്ള കുട്ടനാടിന്റെ മക്കളുടെ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. അല്പം ഇടതു്മാറി കൃഷിപ്പാടങ്ങള്‍ ജലനിരപ്പിനുസമാനമായി കണ്ണെത്താ ദൂരത്തോളം പടര്‍ന്നുനില്‍ക്കുന്നു. കുറേ ആളുകള്‍ ചാക്കുകെട്ടിലായി നെല്ല് വഞ്ചിയിലേക്ക് കയറ്റിവയ്ക്കുന്നു. മാഷ് അത് ഉമ നെല്ല് ആകാമെന്നു് സംശയത്തോടെ പറഞ്ഞു. 1940 –ല്‍ തിരുവിതാകൂര്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ മാങ്കൊമ്പില്‍ സ്ഥാപിച്ച റൈസ് റിസേര്‍ച്ച് സ്റ്റേഷനില്‍ ആണു് ജനിതകസാങ്കേതിക വിദ്യയിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഉമ നെല്ല് വികസിപ്പിച്ചെടുത്തത്.

suppu

സുപ്പു (അശ്വിന്‍ പ്രീത്), പുറകിലായി നയീബ്

നോക്കൂ അതു് കണ്ടോ? അതാണു് കളം. സാനു മാഷാണു് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കറ്റമെതിച്ച് നെല്ല് കൂട്ടിയിടുന്ന കളം. പൊലി എന്നും അതിനെ വിശേഷിപ്പിക്കും, ഒന്നാംപൊലി രണ്ടാപൊലി മൂന്നാം പൊലി…. അങ്ങനെയങ്ങനെ…. , പൂവേ പൊലി പൂവേ പൊലിപൂവേ.., പൂക്കളുടെ കൂട്ടം

അര്‍ത്ഥമറിയാതെ ആ പാട്ട് ഞാനും ഒരുപാട് പാടിയിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായി പാടത്ത് പൊലി കാണാന്‍ നിയോഗമുണ്ടായത് കുട്ടനാട്ടില്‍നിന്നാണെന്നു് നാലാളുകളോട് പറയുമ്പോള്‍ എന്റെ പ്രായം എന്നെ സ്വയം ലജ്ജിതനാക്കുന്നു. മറ്റേതു് നാടുപോലെയും എന്റെ നാട്ടിലും കൃഷി അന്യംനിന്നുകൊണ്ടിരിക്കുന്നു. ഇതേ സാഹചര്യത്തില്‍ കാലഘട്ടത്തിനോട് പൊരുതി കൃഷിയില്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാടും പാലക്കാടന്‍ വയലുകളും മാത്രമേ അല്പമെങ്കിലും സ്ഥായിയായ ഭാവം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ട് മുന്നേറുന്നുള്ളൂ !. ഇതും ഇനിയെത്രനാള്‍ വരെ?. കളത്തിനരികില്‍ നെല്ലുപാറ്റിയന്ത്രം നെല്ലും പതിരും വേര്‍തിരിച്ചിടുന്നു. പണ്ട്കാലങ്ങളില്‍ സ്ത്രീകള്‍ കാറ്റ് വീശി മുറംകൊണ്ട് ചെയ്തിരുന്നത് മോട്ടോര്‍ പങ്കകള്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ ചെയ്യുന്നു.

വിശ്വേട്ടന്റെ മകള്‍ താഴെയിരുന്നു് കാഴ്ചകളാസ്വദിക്കുന്നു

വിശ്വേട്ടന്റെ മകള്‍ താഴെയിരുന്നു് കാഴ്ചകളാസ്വദിക്കുന്നു

കായലിനു് കുറുകെയുള്ള വൈദ്യുതി ലൈനില്‍ ഭംഗിയേറിയ പക്ഷികള്‍ നിരനിരയായുള്ള കാഴ്ച ആനന്ദകരമായിരുന്നു. കരയില്‍ പ്രത്യകതരം കായ്കളുള്ള മാവുപോലെ സാദൃശ്യമുള്ള അധികം വലുതല്ലാത്ത മരങ്ങള്‍ കാണപ്പെട്ടു. അതാണു് ഒദളങ്ങ, പ്രകൃതിയിലുള്ള മാരകവിഷം , ആല്‍ക്കലോയ്ഡ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കായകള്‍ ആ മരത്തിനു് ചേലുകൂട്ടി തൂങ്ങിക്കിടക്കുന്നു. പിന്നീട് വിഷ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വിവരണങ്ങളായിരുന്നു. രാജഭരണത്തെ തകര്‍ക്കാനുള്ള വിഷകന്യക ചുണ്ടില്‍ ചാലിച്ച വിഷത്തെയും, മാദക സൌന്ദര്യമുള്ള ഭൂമിയെ വിഷയമാക്കിയുള്ള എസ്.കെ. പൊറ്റാക്കാടിന്റെ വിഷകന്യകനോവലും ഭാരതീയ വിഷശാസ്ത്രമായ അര്‍ക്കപ്രകാശത്തേയും ഉമ്മത്തിന്‍ പുഷ്പത്തേയും (ദദുരം ) പ്രതിപാദിച്ചുകൊണ്ടു് ചര്‍ച്ചകള്‍ ബോട്ടിനെ അല്പനേരം മുന്നോട്ടേയ്ക്കു നയിച്ചു.

      സംസാരിച്ചിരിക്കെ കായല്‍ കരയില്‍ തച്ചന്‍മാര്‍ കൂടിച്ചേര്‍ന്നു് പണിയുന്ന ഒരു ബോട്ടിന്റെ പണിപ്പുരയ്ക്കടുത്തുകൂടി ഞങ്ങള്‍ കടന്നുപോയി. ഇടയ്ക്കുവച്ച് വിഷയം തെന്നിമാറി ബോട്ടിന്റെയും തോണിയുടേയും രൂപകല്പനയിലേക്കായി. പ്രത്യക പരിജ്ഞാനം നേടിയ തച്ചന്മാരാണു് വള്ളംപണിയുക. ചുണ്ടന്‍ വെള്ളത്തിന്റെ കാര്യത്തില്‍ അതില്‍ മൂത്താശ്ശാരിയാണു് ചുണ്ട് കൊത്തിരൂപപ്പെടുത്തക. സാധാരണയായി അകമ്പടി സേവിക്കുന്നതിനാണു് ചുണ്ടന്‍വള്ളം നിര്‍മ്മിയ്ക്കുന്നത്. പണികഴിയുംവരെ ചുണ്ടു് പുറംലോകംകാണിക്കുവാന്‍ പാടില്ലെന്നൊരു വിശ്വാസം തച്ചന്മാര്‍ക്കിടയിലുണ്ടു്. ചുണ്ടുണ്ടാക്കിയശേഷം തച്ചന്‍ തോണിയില്‍ വരയിടും. എത്രയാള്‍ക്കുവേണ്ടിയാണോ വള്ളംതയ്യാറാക്കിയതു് അത്രയും പേര്‍ കയറിയാല്‍ തച്ചന്‍വരച്ചവരയില്‍ കൃത്യമായി വെള്ളംകയറിനില്ക്കും. ഇന്നു് ഈ കണക്കുകൂട്ടലറിയുന്ന എത്ര തച്ചന്മാരുണ്ടാകുമെന്നു് ഏവരും ആശങ്ക പ്രകടിപ്പിച്ചു. ചുണ്ടന്‍കൂടാതെ കൊതുമ്പുവള്ളം, സ്ത്രീകള്‍ക്കു് സഞ്ചരിക്കുവാനായി ഇരുട്ടികുത്തി, ഭക്ഷണ പാചകത്തിനായി വെയ്പുവള്ളം തുടങ്ങീ വള്ളങ്ങളുടെ പട്ടികതന്നെ മാഷ് വിവരിച്ചുതന്നു. ചുണ്ടന്‍ വെള്ളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ, 1952ഡിസംബര്‍ 22 ലെ ജവഹര്‍ ലാല്‍ നഹ്രുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തിന്റെ ചരിത്രവും ഞങ്ങള്‍ ചര്‍ച്ചാ വിഷയമാക്കി.

എത്രപെട്ടന്നാണു് കുട്ടനാടിന്റെ വയലേലകള്‍ കര്‍ഷകന്റെ തയമ്പുവീണ കൈകളില്‍ നിന്നും യന്ത്രത്തിന്റെ ഉരുക്കുകൈകളിലേക്ക് മെരുങ്ങിപ്പോയത്.

മുന്നിലുള്ള കൊയ്ത്തുപാടത്തെ ചൂണ്ടിക്കാണിച്ച് ഒരു കര്‍ഷകനായ മാഷ് വാചാലനായി . പണ്ടുകാലങ്ങളില്‍ കറ്റമെതിക്കുമ്പോള്‍ കര്‍ഷകസ്ത്രീകളുടെ കാല് പുല്ലിന്റെ മൂര്‍ച്ചകൊണ്ടും നെല്ലിന്റെ പരുപരുത്ത പുറംതോട്കൊണ്ടും ഉരഞ്ഞ്പൊട്ടിയൊലിക്കും . അവരതിനെ വളരെ ലളിതമായി മറികടന്നു. കവുങ്ങിന്റെ പാളകെട്ടി ചെരുപ്പാക്കി കാലുപൊതിഞ്ഞ് ബാക്കിയുള്ള നെല്ലും വേദനമറന്നു് മെതിച്ചുതീര്‍ക്കും. പാര്‍വ്വതി നെമ്മിണിയാണു്  കേരള ചരിത്രത്തില്‍ ചെരുപ്പിട്ടുനടന്ന ആദ്യത്തെ വനിത. കുട്ടനാട്ടിലെ കര്‍ഷകസ്ത്രീകളെ സംബന്ധിച്ചടുത്തോളം പാളചെരുപ്പിനു് ചരിത്രത്തില്‍ സ്ഥാനമില്ലാതെപോയതില്‍ അതിശയോക്തിയില്ല.

തകഴിയുടെ രണ്ടിടങ്ങഴിയില്‍ പറയുന്ന കാര്‍ഷിക സംസ്കാരം ഇന്നു് കുട്ടനാട്ടിന്റെ മണ്ണില്‍ നിന്നും മനുഷ്യരില്‍ നിന്നും ഏറെക്കുറേ മാഞ്ഞിരിക്കുകന്നു. ദൂരെ കൊയ്ത്തുകഴിഞ്ഞ പാടത്ത് ഒരുഭാഗത്തായി നെല്ലു കൊയ്യുന്ന യന്ത്രങ്ങള്‍ വിശ്രമിക്കുന്നു. മറുഭാഗത്ത് കുറച്ചുപേചേര്‍ന്നു് കറ്റ മെതിച്ചുകഴിഞ്ഞുള്ള കച്ചി (പുല്ല്) വഞ്ചിയിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്നു. ഒരാള്‍പ്പൊക്കത്തില്‍ കച്ചി ആ വലിയ വള്ളത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ സുന്ദരകാഴ്ച അഖില്‍ കൃഷ്ണന്‍ കാമറയില്‍ പകര്‍ത്തി. ഇടയ്ക്ക് വിശ്വേട്ടന്‍ മാഷിന്റടുത്ത് ചില സംശയങ്ങള്‍ ചോദിക്കുന്നുണ്ട് ഒപ്പം തന്റെ കാമറയില്‍ എല്ലാ ദൃശ്യങ്ങളും കൃത്യമയി പകര്‍ത്തവാന്‍ അഖിലിനോടായി പറഞ്ഞു. രാജേഷേട്ടനും അച്ചുവും സുപ്പുവും ബോട്ടിന്റെ മുന്‍വശത്തേയ്ക്ക് മാറി കാഴ്ചകളാസ്വദിക്കുന്നു. എല്ലാം ദൃശ്യങ്ങളും ഒപ്പിയെടുത്ത് ഒരു നിര്‍വികാരനായാണു് സുഗീഷേട്ടന്റെ നില്പ്. ഇടയ്ക്കിടെ ഈയാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുള്ള ഏറ്റവും പ്രായംകുറഞ്ഞ വിക്കീകൂട്ടുകാരി ആത്മിക കൂഞ്ഞുവാവയെയുമെടുത്ത് രാജേഷേട്ടന്റെ ഭാര്യ മഞ്ജുചേച്ചിയും  അവരെ അനുഗമിച്ച് ലാലുചേട്ടന്റെ ഭാര്യ ജ്യോതിച്ചേച്ചിയും അവരുടെ മകള്‍ അലൈനയെ എടുത്ത് ബോട്ടിന്റെ മുകളിലും താഴെയുമായി വന്നുപോയിക്കൊണ്ടേയിരുന്നു. നമുക്കിരിപ്പുറയ്ക്കുന്നതുപോലെ കുഞ്ഞുങ്ങള്‍ക്കിരിപ്പുറയ്ക്കുകയില്ലല്ലോ?.

ഞങ്ങളുടെ ഭാവി വിക്കീപീഡിയര്‍ ആത്മിക , അലൈന

ഞങ്ങളുടെ ഭാവി വിക്കീപീഡിയര്‍
ആത്മിക , അലൈന

എതിര്‍ വശത്തുകൂടി കേരളാവാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബോട്ട് യാത്രക്കാരേയും വഹിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പേള്‍ ഞങ്ങളെല്ലാവരുടേയും കണ്ണും കഴുത്തും അതിനോടൊപ്പം ചലിച്ചു. പെട്ടെന്നു അദ്ഭുതകരമായ കാഴ്ചയിലേക്ക് മാഷ് ഞങ്ങളുടെ ശ്രദ്ധയെ പിടിച്ചുകെട്ടി. പാടങ്ങള്‍ ജലനിരപ്പില്‍ നിന്നും രണ്ടരമീറ്ററോളം താഴ്ചയിലായി കാണപ്പെട്ടു. അതു വിവരിക്കുമ്പോഴാണു് നെല്ലുദ്പാദനത്തിന്റെ കഠിനാദ്ധ്വാനവും വിഷമതകളും മനസ്സിലാകുന്നതു്. ചരിത്രത്തില്‍ നിന്നു് തുടങ്ങാം,

ബോട്ടിന്റെ താഴെതട്ടില്‍ നിന്നും അനില്‍മാഷ് മുകളില്‍ കയറിയിരുന്നു. നയീബ് മറുകണ്ടംചാടി മുന്നിലേക്ക് പോയി. രാജേഷേട്ടന്‍ കുഞ്ഞിന്റടുത്ത് താഴേയ്ക്കും. ഓരോരുത്തരും മാറിമാറിയയിരിക്കുന്നതിനനുസൃതമായി എല്ലാവരും അവരുടെയുംകൂടി ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി കാത്തിരുന്നു.

പാടം

കുട്ടനാടന്‍ പാടം

            റൈസ് ബൌളര്‍ ഓഫ് കേരള എന്നറിയപ്പെട്ടത് കന്യാകുമാരിക്കടുത്തുള്ള നാഞ്ചിനാടാണു്. അതെങ്ങനെ കുട്ടനാടും പാലക്കാടുമൊക്കെയായി ഇന്നു് മാറി? ഞങ്ങളേവരുടേയും ശ്രദ്ധ മാഷിന്റെ മുഖത്തേക്കു് കേന്ദ്രീകരിച്ചു. ഇനി അല്പം മാഷിനു് വിശ്രമം നല്കാമെന്നുംപറഞ്ഞ് വിശ്വേട്ടന്‍ ലോക ചരിത്രത്തില്‍ നിന്നും കേരളത്തിന്റെ പ്രാധാന്യത്തെ ചികഞ്ഞെടുക്കാന്‍ തുടങ്ങി. കോളനി വാഴ്ചയ്ക്ക് തുടക്കംകുറിച്ചുകൊണ്ടു് വാണിജ്യവാതങ്ങള്‍ (ട്രേഡ് വിന്റ്) വഴിവന്ന പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ആരംഭത്തെക്കുറിച്ചും ദുഷ്ടനായ വാസ്കോഡ ഗാമ കാപ്പാട് കാലുകുത്തിയതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ കുരുമുളക് എരിവു് രുചി അറിയാത്ത വിദേശികള്‍ക്ക് പ്രിയങ്കരമായി മാറിയതും സൂചിപ്പിച്ചു. ഇടയ്ക്കുവച്ച് കാലത്ത് നമ്മള്‍ ചായ കുടിച്ചാല്‍ എങ്ങോട്ടുപോകുമെന്നു് മാഷ് ചോദിച്ചു. ഞാന്‍ പറഞ്ഞു കക്കൂസിലേയ്ക്ക്. ഉത്തരം മുഴുവനാക്കുംമുമ്പേ കൂട്ടത്തില്‍ പലരുടേയും ബീഭത്സചിരി ഉയര്‍ന്നുവന്നു. ശരിയാണു് കക്കൂസ് ഇന്നു് മലയാളിയ്ക്ക് അശ്ലീലമാണു്. കക്കൂസ് (kakhus) എന്നവാക്ക് മലയാളമല്ല , അത് ഡച്ച്  വാക്കാണെന്നറിഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ക്കെല്ലാം ഒരുമ്പരപ്പായിരുന്നു. കക്കൂസിന്റെ മലയാളം ചോദിച്ചപ്പോള്‍ കൂട്ടച്ചിരിപൊങ്ങി. വെളിക്കിറങ്ങുകയെന്ന ഉത്തരം സുഗീഷേട്ടനാണു് പറഞ്ഞെതെന്നോര്‍ക്കുന്നു. ശൌചിക്കുക എന്ന ആഢ്യഭാഷയാണു് കുലീനരുപയോഗിച്ചത്. ചൌകിക്കുകയെന്നും , കല്ലേപ്പോകുക, കടവിറങ്ങുക എന്നും പലപ്രദേശങ്ങളില്‍ പല പേരുകളില്‍ പറഞ്ഞിരുന്നുയെന്നൊക്കെ ചര്‍ച്ചയില്‍ വന്നപ്പോള്‍ വ്യത്യസ്തമായി ഈരിക്കുക ( വെള്ളംനനയ്ക്കുക ) എന്ന വാക്കുകൂടി മലയാളി ഉപയോഗിച്ചിരുന്നതായി മാഷ് പറഞ്ഞു. അപ്പോഴേക്കും  ഭാഷയെക്കുറിച്ചായി  ചര്‍ച്ച. ഭാഷയുടെ വളര്‍ച്ചയെന്നത് ഭിന്ന സംസ്കാരങ്ങളില്‍ നിന്നാണെന്നു് അനില്‍ മാഷ് അഭിപ്രായപ്പെട്ടു് തുടങ്ങവെ വിശ്വേട്ടന്‍ ഇടയ്ക്കുകയറി പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനം കേരളത്തില്‍ എന്ന വിഷയത്തെക്കുറിച്ച് വാചാലനാകാന്‍ തുടങ്ങി, വിശ്വേട്ടന്റെ ഭാര്യയും  മകളും ബോട്ടിന്റെ താഴേതട്ടിലേക്കിറങ്ങി. അവരെപ്പിന്നെ ഉച്ചയൂണുവരെ മുകളിലേക്കു് കണ്ടിട്ടില്ല. ഇതിനിടയില്‍ സുഗീഷേട്ടന്‍ യാത്രയില്‍ കഴിക്കാനായി കരുതിയ റോബസ്റ്റ പഴവും ചായയും ആദ്യം വിശ്വേട്ടനു നല്‍കി അടിവരയിടീച്ചു. ശേഷം എല്ലാവര്‍ക്കുമായി ഉന്മേഷം പകര്‍ന്നു് ചായ ഞങ്ങള്‍ പങ്കുവച്ചുതുടങ്ങി. ഞങ്ങളുടെ ബോട്ടില്‍ ഏറ്റവും നിശബ്ദദയോടെ കാഴ്ചകളാസ്വദിച്ചത് ജയ്സെന്‍ ചേട്ടനായിരുന്നു. ഒരുകപ്പ് ചായ ഞാന്‍ നിര്‍ബന്ധിച്ചു നല്‍കിയപ്പോള്‍ ജയ്സെന്‍ ചേട്ടന്‍ വാങ്ങി.

ജയ്സെന്‍

ജയ്സെന്‍ നെടുമ്പാല

പഴംകഴിച്ചുകഴിഞ്ഞ് തൊലികായലിലേയ്ക്കു് എറിയാമോയെന്നു് ഞാനൊന്നു് ശങ്കിച്ചു. പഴത്തൊലി ജൈവവശിഷ്ടമായതിനാല്‍ കുഴപ്പമില്ലെന്നു് അബ്ദുള്‍ ജബ്ബാര്‍ മാഷ് പറഞ്ഞു. എന്റെ കൈകള്‍ കായലിലേയ്ക്കു് നീണ്ടു.  എല്ലാരും പഴത്തൊലി കായലിലേക്ക് എടുത്തെറിഞ്ഞു.

ഞങ്ങള്‍ ചായകുടിക്കുന്നത് തെക്കുംതലക്കില്‍ നിന്നു് ശിവ വൈക്കം പകര്‍ത്തിയത്

ഞങ്ങള്‍ ചായകുടിക്കുന്നത്
തെക്കുംതലക്കില്‍ നിന്നു് ശിവ വൈക്കം പകര്‍ത്തിയത്. കാമറയുമായി അഖില്‍ കൃഷ്ണന്‍

ഞങ്ങള്‍ ചായ പങ്കുവയ്ക്കുന്നതുകണ്ട് തെക്കുംതലക്കില്‍ ബോട്ടിലുള്ളവരും ചായ കുടി തുടങ്ങിയതായി കണ്ടു. അവരുടെ ബോട്ടില്‍ എല്ലാവരും പലപല ഗ്രൂപ്പുകളായിതിരിഞ്ഞ് ചര്‍ച്ചകളിലും ഫലിതത്തിലും ഏര്‍പ്പെട്ടതുപോലെ തോന്നി. ബോട്ടിന്റെ പുറകുവശത്തായി സുജിത്തേട്ടനും ഗോപന്മാഷും ചായ കുടി കഴിഞ്ഞോയെന്നുംമറ്റും ആരാഞ്ഞു ബോട്ടില്‍ നിന്നും വീഡിയോ കാമറാമാന്‍ ഞങ്ങളുടെ ബോട്ടിലുള്ള വിശേഷങ്ങള്‍ പകര്‍ത്തിയെടുക്കുന്നു. എല്ലാരും ഒരു ബോട്ടില്‍ ആയിരുന്നെങ്കില്‍ യാത്ര അല്പംകൂടി വിജ്ഞാനപ്രദമായേനേ!.

തെക്കുംതലക്കില്‍ അഖില്‍ പകര്‍ത്തിയത്

തെക്കുംതലക്കില്‍
അഖില്‍ പകര്‍ത്തിയത്

തെക്കുംതലക്കില്‍ അന്യവിക്കൂകൂട്ടരുമായി ചര്‍ച്ചകള്‍

തെക്കുംതലക്കില്‍
അന്യവിക്കീകൂട്ടരുമായി ചര്‍ച്ചകള്‍

മാഷ് തുടര്‍ന്നു, കൊല്ലവര്‍ഷം 1840 മുതല്‍ക്കാണു് ചാലയില്‍ ഇരവികേശവപണിക്കരുടെ നേതൃത്വത്തില്‍ കായല്‍ കുത്തിയെടുത്ത് കൊയ്ത്തുപാടങ്ങള്‍ തുടങ്ങിയത്. അന്നു് കായല്‍ കുത്തിയെടുപ്പ് മതിയാക്കിയ സ്ഥലം മതികായല്‍ എന്നാണു് അറിയപ്പെടുന്നതു്.

കുത്തിയെടുത്ത പാടത്ത് വിത്തിറക്കുമ്പോള്‍ കര്‍ഷകന്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടും സഹനതകളും നമുക്ക് പാടത്തിലേക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകില്ല, അതിനെക്കുറിച്ചുള്ള മാഷിന്റെ വിവരണം കേട്ട് നിര്‍ന്നിമേഷത്തോടെ കൊയ്ത്തുപാടങ്ങളിലേയ്ക്ക് എന്റെ ചിന്തകള്‍ ഊര്‍ന്നിറങ്ങി.

                    വൃശ്ചിക മാസം കടലില്‍നിന്നുള്ള വേലിയേറ്റം വേമ്പനാട്ടുകായലിലും അലയടിയ്ക്കം. കടലില്‍ നിന്നു് കായലിലേയ്ക്ക് ഓര്‌വെള്ളം (ഉപ്പ് വെള്ളം) കേറിവരും. ഇത് കൃഷിപ്പാടങ്ങളിലേക്ക് ഒലിച്ചുകയറിയാല്‍ കര്‍ഷകന്റെ പരിശ്രമങ്ങള്‍ അമ്പേ പരാജയപ്പെടും. നെല്ല് കെട്ടു് കൃഷി നശിക്കും. ഓര്‌വെള്ളം കയറാതിരിക്കാന്‍ കര്‍ഷകന്‍ കായലുമായി മല്ലിടും. പാടത്ത് ജലനിലനിരപ്പ് ഉയര്‍ന്നുവരുമ്പോള്‍ അവന്റെ മനസ്സില്‍ ആധിയാണു്. അവര്‍ കൂട്ടം ചേര്‍ന്നു് പാടത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വെള്ളം കായലിലേയ്ക്ക് തേവിവിടും. വെള്ളംതേവാന്‍ പലരീതികളും കര്‍ഷകന്‍ ഉപയോഗിച്ചിരുന്നു. വഞ്ചിമാതൃകയിലുള്ള തേറ്റുകൊട്ടയില്‍ അവന്‍ വെള്ളം നിറച്ച് ബണ്ടിന്റെ മുകളിലൂടെ കായലിലേയ്ക്കു് ഒഴുക്കിവിട്ടു. ജലചക്രം കാലുകൊണ്ട് കറക്കിയും വെള്ളം പുറന്തള്ളുമായിരുന്നു. ചക്രം കറക്കാന്‍ അസാമാന്യമായ ശക്തി വേണം. അതിനായി ദീര്‍ഘനിശ്വാസത്തോടെ വായു അകത്തേക്കെടുത്ത് വേണം കര്‍ഷകന്‍ ചക്രം ചവിട്ടിക്കറക്കാന്‍. അതും നിന്നുകൊണ്ട് വിശ്രമമില്ലാതെ കറക്കണം. എട്ട് ഇലമുതല്‍ 64 ഇലവരെയുള്ള ചക്രങ്ങളുണ്ട്. ഇലകളുടെ എണ്ണംകൂടുന്തോറും കര്‍ഷകന്റെ ചവിട്ടിനും ആക്കംകൂട്ടണം. ചക്രം ചവിട്ടി ചവിട്ടി അഞ്ച് മാസത്തോളം സമയമെടുത്തേ പാടത്തുള്ള വെള്ളം വറ്റിച്ചെടുത്ത് കൃഷിയോഗ്യമാക്കുവാനാകൂ. ചക്രം ചവിട്ടുന്നതിനെടുക്കുന്ന അസാമാന്യ ശ്വാസനിശ്വാസത്തെയാണു് ചക്രശ്വാസംഎന്നു പറയുന്നത്. മലയാള ശൈലിയിലേക്ക് കുട്ടനാട്ടുകാര്‍ നല്കിയ സംഭാവനകളിലൊന്നാണു് ചക്രശ്വാസം. വെള്ളം വറ്റിക്കല്‍ (ഡി വാട്ടറിങ്ങ്) തുടരേണ്ടതിനാലും പാടത്തിന്റെ ജൈവാവസ്ഥ തിരിച്ചുപിടിക്കുവാനുമായി മൂന്നു് വര്‍ഷത്തിലൊരിക്കലുള്ള പഴനിലകൃഷി രീതിയാണു് കര്‍ഷകന്‍ സ്വീകരിച്ചുപോന്നത്. ഒരു കൃഷികഴിഞ്ഞാല്‍ അടുത്ത മൂന്നു് വര്‍ഷം കൃഷിയിറക്കില്ല. കൊയ്ത്തുകഴിഞ്ഞ് വളക്കൂറ് നഷ്ടപ്പെട്ട പാടം ധാതുലവണങ്ങളുള്ള കായല്‍വെള്ളമൊഴുകി വളക്കൂറുള്ളതായി മാറും. ഇങ്ങനെ ഒരു വിളവെടുപ്പുകഴിഞ്ഞാല്‍ അടുത്ത മൂന്നു് വര്‍ഷത്തേക്ക് കര്‍ഷകനും കരിപ്പാടങ്ങള്‍ക്കുകാവാലായിരിക്കും. ഈ സഹനകഥകള്‍ സമ്പല്‍സമൃദ്ധിയോടെ സദ്യയുണ്ണുന്നവരുണ്ടോ അറിയുന്നു.? ഓരോ അരിമണിയിലും അതു ഭക്ഷിക്കുന്നവന്റെ പേരെഴുതിവച്ചിട്ടുണ്ടെന്നു് നാം പറയാറുണ്ടു്, എന്നാല്‍ ഓരോ അരിമണിയിലും പറ്റിച്ചേര്‍ന്നുകിടക്കുന്ന കര്‍ഷകന്റെ അദ്ധ്വാനത്തെ തവിടുകളയുന്ന ലാഘവത്തോടെ നമ്മളും വിസ്മരിക്കുന്നു.

ചക്രശ്വാസം കൂടാതെ കുട്ടനാടിന്റെ മറ്റു് സംഭാവനകള്‍ എന്തൊക്കെയാണെന്നറിയേണ്ടേ?

          കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി പ്രസ്ഥാനംരൂപപ്പെട്ടത്ത് കുട്ടനാട്ടിലാണു്. അതു് പറയുമ്പോള്‍ മാഷിന്റെ മുഖത്ത് രക്തംതിളക്കുന്നതു് കാണാം. തൊഴിലാളി സമര മുദ്രാവാക്യത്തിന്റെ ഉത്ഭവം ഇവിടുത്തെ കായലില്‍ നിന്നാണെന്നു് മാഷ് പറയുമ്പോള്‍ അല്പം ഹാസ്യവും കടന്നുവന്നു. ‘കുറിയാണ്ടം അഴിച്ച് എപ്പോള്‍ തലയില്‍ക്കെട്ടണമെന്നു് കുട്ടനാട്ടുകാര്‍ക്കറിയാം‘ (സമരം എപ്പോള്‍ തുടങ്ങണം എപ്പോള്‍ അവസാനിപ്പിക്കണംഎന്ന് കുട്ടനാട്ടുകാര്‍ക്കറിയാം എന്നൊരു ഭാഷ്യം) അല്ലാ, എന്താണീ കുറിയാണ്ടം? ചെറിയമുണ്ടു്. ഇന്നത്തെ തോര്‍ത്തുമുണ്ടു്. പണ്ടുകാലത്ത് കുട്ടനാട്ടിലെ ആളുകളുടെ സ്വാഭാവിക വസ്ത്രരീതി ഒരു കുറിയാണ്ടമാണു്. അതെപ്പോള്‍ അഴിച്ചു് തലയില്‍കെട്ടണമെന്ന ശൈലി ഉപയോഗിക്കുന്നത് വളരെ വിശേഷാല്‍ അറിയാം. കുട്ടാനാട്ടുകാര്‍ കായലിന്റെ ഇക്കരെ നിന്നു് അക്കരയ്ക്കു് പോകുമ്പോള്‍ കരയില്‍നിന്നാദ്യം കാലുകള്‍ മെല്ലെ വെള്ളത്തിലേക്കെടുത്തുവയ്ക്കും, പിന്നെ കയത്തിലേക്ക് ഇങ്ങുന്നതിനനുസരിച്ച് കുറിയാണ്ടം കയറ്റിക്കയറ്റി മുകളിലോട്ട് കൊണ്ടുവരും. അരമുഴുവന്‍ വെള്ളത്തിനടിയിലാകുമ്പോള്‍ കുറിയാണ്ടം അഴിച്ച് തലയില്‍കെട്ടും. ശരീരം വെള്ളത്തിനടിയിലായതിനാല്‍ നഗ്നത പുറത്തുകാണില്ല. മറുകരയെത്തുമ്പോഴോ? ഇതിന്റെ വിപരീതപ്രവൃത്തിതന്നെ. കയം കുുറഞ്ഞുവരുന്നതിനനുസരിച്ച് കുറിയാണ്ടം ഇറക്കിയിറക്കികൊണ്ടുവരും. വസ്ത്രം നനയാതെ മറുകരയ്ക്കെത്തുന്ന രീതിയെക്കുറിച്ച് വ്യത്യസ്തമായ അനുഭവജ്ഞാനം മാഷിനുണ്ടായിരുന്നു. പണ്ടു് കുറിയാണ്ടമുടുത്ത് കായലില്‍ ഓടിവന്നു ചാടിയ ഗതകാലസ്മരണകള്‍ മാഷ് അയവെട്ടിയെടുത്തു.

ഏത് പ്രതിസന്ധി ഘട്ടത്തേയും സധൈര്യം ആത്മവിശ്വാസത്തോടെ  നേരിടാന്‍ കുട്ടനാട്ടുകാര്‍ക്ക് ചങ്കുറപ്പുണ്ടെന്ന് എടുത്തു പറയുന്ന ഒരു പഴമൊഴിയാണ്  ‘തലയ്ക്ക് മീതെ വെള്ളം വന്നാല്‍, അതിന്നുമീതെ  വള്ളം’. പ്രതിസന്ധിഘട്ടത്തില്‍  കടല്‍ നിരപ്പില്‍ നിന്നും രണ്ടരമീറ്ററോളം  താഴെ വെള്ളത്തോട് മല്ലിടുന്നവര്‍ക്ക് ഇതിലേറെ ആത്മവിശ്വാസം നല്കുന്ന മറ്റെന്ത് വാക്കാണ് കേരളക്കരയിലുള്ളത്?

നെല്ലിന്റെ രാസ നാമം ചോദിച്ചു. ‘Oryza sativaസുപ്പുവും ഭാഗ്യശ്രീയുമാണു് ഉത്തരം പറഞ്ഞത്, റൈസ് (“Rice”) എന്ന വാക്ക് കുട്ടനാട്ടുകാരുടെ സംഭാവനയാണെന്നാണു് കുട്ടനാട്ടുകാര്‍ പറയുന്നത്.  അരിയ്ക്ക് സംഘകാലത്ത് പറഞ്ഞിരുന്ന പേര് അരിസി (அரிசி) എന്നായിരുന്നു. ഇപ്പോഴും തമിഴിൽ അരിസി എന്നു തന്നെയാണ് പറയുക. ദക്ഷിണേന്ത്യയുമായി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്ന പ്രാചീന റോമാക്കാരുടെ ഭാഷയിൽ അരിസി Oryza ആയിമാറി. Oryza ഇംഗ്ലീഷിലെത്തിയപ്പോൾ Rice ആയി. വാസ്തവം തിരക്കേണ്ടിയിരിക്കുന്നു. നമ്മള്‍ വിക്കീപീഡിയര്‍ക്ക് തെളിവു് കിട്ടേണ്ടിയിരിക്കുന്നു.

അതുപോലെ വല്ല്യമ്മേനെയെടുത്ത് വഞ്ചീന്നു് കളയുക‘ , ഈ ശൈലിയുടെ പ്രസക്തി അര്‍ത്ഥമറിയുമ്പോള്‍ ഇന്നത്തെ പരിഷ്കൃതരായ മലയാളിയില്‍ വികാരമുണ്ടാക്കില്ല. പരിചയം പരിശീലനം പരിജ്ഞാനം ഇവനേടിയതില്‍ പഴക്കംക്കൂടുതല്‍ പ്രായമുള്ളവര്‍ക്കാണല്ലോ (least productive)? അവര്‍ക്കിനി ജീവിതത്തില്‍ അല്പായുസ്സാണെന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ മുങ്ങാന്‍ തുടങ്ങുന്ന വഞ്ചിയില്‍ നിന്നും വല്ല്യമ്മമാരെ പുറന്തള്ളും. വഞ്ചിയുടെ സ്ഥിരത കൈവരിക്കാന്‍ ഈ രീതിസ്വീകരിക്കണമെന്ന പഴമൊഴിയുണ്ടെങ്കിലും ഇന്നു് നമ്മുടെ സമൂഹത്തില്‍ വല്ല്യമ്മമാരെല്ലാംതന്നെ കുടുംബവഞ്ചികളില്‍നിന്നു് കായലിലേയ്ക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവിലിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മാഷ് വിവരിച്ചു. പലവിമര്‍ശനങ്ങള്‍ പറയുമ്പോഴും ഇതെല്ലാം പ്രാക്ടിക്കല്‍ സെന്‍സിലേ എടുക്കാവൂയെന്നു് ഇടക്കിടെ മാഷ് ഓര്‍മ്മിപ്പിക്കും. ഈ പഴമൊഴി പറഞ്ഞപ്പോള്‍ ബോട്ടില്‍ നിന്നെല്ലാവരും പ്രായമുള്ളവരെ നോക്കി ചിരിതുടങ്ങി. ഇത് ഞങ്ങള്‍ പ്രാക്ടിക്കല്‍ സെന്‍സിലേ എടുക്കൂയെന്നു് ഞാന്‍ അടക്കം പറഞ്ഞു. ബോട്ടില്‍ എല്ലാവരുടേയും കൂട്ടച്ചിരി ഉയര്‍ന്നു. ചിലരൊക്കെ വിശ്വേട്ടനെ അര്‍ത്ഥംവച്ചുനോക്കി.

              ഞാറ്റുപാടത്തിന്റെ തീരംപറ്റി മുന്നോട്ടുകുതിക്കവെ വയലില്‍ നിന്നും കായലിലേയ്ക്ക് വെള്ളം ഒഴുക്കിവിടുന്നത് കണ്ടു. മാഷ് പറഞ്ഞു നോക്കൂ ഇതാണു് പെട്ടിയും പറയും, 1912 –ല്‍ ബ്രണ്ടന്‍ സായിപ്പ് കൊണ്ടുവന്ന മോട്ടോര്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ. കുമരകത്താണു് ഇതാദ്യമായി പരീക്ഷിച്ചത്. ആ കായല്‍ ബ്രണ്ടന്‍കായല്‍ എന്നാണു് അറിയപ്പെടുന്നത്. തൊട്ടടുത്ത് കാണാനായില്ലെങ്കിലും ഇതിന്റെ പ്രവര്‍ത്തനം വളരെ കൌതുകമായതായി മാഷിന്റെ വിവരണത്തിലൂടെ മനസ്സിലായി. ബണ്ടിനോട് ചേര്‍ത്താണു് പെട്ടി സ്ഥാപിക്കുക. ഇതിനു് ഇഞ്ചന്‍തറയെന്നാണു് പറയാറു്. നീളത്തില്‍ ഒരടി ഉയരമുള്ള പെട്ടി. ഈ പെട്ടിയുടെ അറ്റത്തായാണു് അഞ്ചടി ഉയരമുള്ള പറ ഘടപ്പിക്കുക. മോട്ടോറും ഫാനും കണ്‍വെയര്‍ ബെല്‍ട്ട്കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കും. മോട്ടോര്‍ കറങ്ങുന്നതിനോടൊപ്പം ഫാന്‍ കറങ്ങി പെട്ടെന്നു് പെട്ടന്നു് ലീഫ് വഴി വെള്ളം പറയിലേക്കു് നിറയും. പറനിറഞ്ഞുകഴിഞ്ഞാല്‍ ഈ വെള്ളം പെട്ടിയിലേക്കൊഴുക്കി പുറന്തള്ളും. ഇത്തരം സാങ്കേതിക വിദ്യ കടന്നുവന്നതോടുകൂടി അഞ്ചുമാസത്തോളം കര്‍ഷകനു് വെള്ളംപുറന്തള്ളാന്‍ കാലതാമസം വേണ്ടിവന്നില്ല.

പെട്ടിയും പറയും - കടപ്പാട് വിക്കീപീഡിയ

പെട്ടിയും പറയും – കടപ്പാട് വിക്കീപീഡിയ

പെട്ടിയില്‍ നിന്നു് വെള്ളം പുറത്തേക്കൊഴുകുന്നു - കടപ്പാട് വിക്കീപീഡിയ

പെട്ടിയില്‍ നിന്നു് വെള്ളം പുറത്തേക്കൊഴുകുന്നു – കടപ്പാട് വിക്കീപീഡിയ

വള്ളത്തില്‍നിന്നു് ഒരാള്‍ വലവീശി മീന്‍പിടിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അയാളുടെ വലവീശലിനായി ലാലുചേട്ടനും അച്ചുവും രാജേഷേട്ടനും കാമറാ ഫ്രയിമില്‍ പകര്‍ത്തിയെടുക്കാനൊരുങ്ങി നിന്നു. കാണാന്‍ നല്ല ചേലിലുള്ള വലവീശല്‍. ക്ലിക്ക്, ട്രിക്ക്, മ്ക്സ്.. എല്ലാരുടേയും കാമറകള്‍ പല ശ്ബദത്തോടെ അതുപകര്‍ത്തി. വലവീണതിന്റെ വട്ടത്തിനു നടുവിലേക്കു് മീനുകള്‍ കൂടിനില്‍ക്കും. അപ്പോള്‍ അയാള്‍ കയറുവലിച്ചു് വലചുരുക്കിയെടുക്കും. വലവീശാന്‍ പഠിക്കാന്‍ നിരന്തരമായ ഒരു പരിശ്രമംതന്നെവേണം. ക്രമേണയെ ഏതാരാള്‍ക്കും നന്നായി വലവീശാന്‍ സാധിക്കൂ

 ഈ സമയം നാല്‍പതില്‍ചിറ  പുന്നമട കായല്‍, കുട്ടമംഗലം , വേണാട്ടുകായല്‍  ചിത്തിര  കായലുകള്‍ കഴിഞ്ഞ് മാര്ത്താണ്ഡം കായലിലേയ്ക്ക് പ്രവേശിച്ചു.

മാര്‍ത്താണ്ഡം കായലിലേയ്ക്ക്

മാര്‍ത്താണ്ഡം കായലിലേയ്ക്ക്

          നമുക്ക് തിരികെ വരാം, 1939 –ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആഘാതം നേരിട്ടും അല്ലാതെയും ലോകരാജ്യങ്ങളെ ബാധിച്ചതുപോലെ നമ്മുടെ കൊച്ചുകേരളത്തേയും ബാധിച്ചുതുടങ്ങി. കേരളത്തിലേക്ക് ബര്‍മ്മയില്‍ നിന്നുള്ള നെല്ലിന്റെ ലഭ്യത ഇല്ലാതായി. എങ്ങും ക്ഷാമവും പട്ടിണിയും പടര്‍ന്നുപന്തലിച്ചു. വാഴമാണം (വാഴയുടെ കുണ്ഡ) കഴിച്ചാണു് ജനങ്ങള്‍ പട്ടിണിയെ അതിജീവിക്കാന്‍ ശ്രമിച്ചതു്. ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ കാലത്തിനും, ശ്രീമൂലം തിരുന്നാളിനും മുമ്പേ തിരുവിതാകൂര്‍ അരി ലഭ്യതക്കുറവു്കാരണം ക്ഷാമം നേരിട്ടിരുന്നു. സാധാരണക്കാരുടെ ഭക്ഷണമായ പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍നിന്നും കൊണ്ടുവന്ന കപ്പ ഈ സാഹചര്യത്തിലാണു് കേരളക്കരയുടെ ഭാഗമായി മാറിയതു്‍. വിഷാംശമുണ്ടെന്നു് ഭയന്നു് മലയാളികള്‍ കഴിക്കാന്‍മടിച്ച കപ്പ ശ്രീവിശാഖം തിരുന്നാള്‍ മഹാരാജാവ് ജനങ്ങളുടെ മുന്നില്‍നിന്നു് കഴിച്ചാണു് മാതൃക കാണിച്ചത്. വിഷമുള്ളതിനാലാണു് കപ്പുയുടെ മട്ട് (കപ്പ പുഴുങ്ങിയ വെള്ളം) ഒഴിച്ചുകളയുന്നതെന്നു് മാഷ് കൂട്ടിച്ചേര്‍ത്തു. പച്ചക്കപ്പ കഴിച്ചാല്‍ നമുക്ക് മത്തു പിടിക്കും പുഴുങ്ങുമ്പോള്‍ അതിലെ വിഷാംശം വെള്ളത്തിലലിയുന്നു. അതിനാല്‍ നമുക്കതു് ദോഷകരമാകുന്നില്ല. അന്നജത്തിന്റെ അംശംകൂടുതലാണല്ലോ കപ്പയില്‍, അത് ദഹിപ്പിക്കുവാനായി കൂടുതല്‍ ഓക്സിജന്‍ വേണ്ടതിനാലല്ലേ നമുക്കു് ക്ഷീണംവരുന്നതെന്നു് ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചു. അതും ഒരു കാരണമാണു് പക്ഷേ നമ്മുടെ കിഴങ്ങുവര്‍ഗ്ഗങ്ങളിലെല്ലാം കപ്പ, കാച്ചില്‍, കൂര്‍ക്കല്‍ എന്നവയിലെല്ലാം അല്പം ആല്‍ക്കലോയ്ഡ് ഉണ്ട്. അതോടൊപ്പം ഗ്ലൂക്കോസിന്റെ ഏറ്റവും വലിയരൂപമായ സ്റ്റാര്‍ച്ചുള്ളതിനാല്‍ വയറും കുടലുകളും ശുദ്ധീകരിക്കപ്പെടുന്നതിനു് കപ്പയടക്കം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഉത്തമ ആഹരമാണു്.

          ദാരിദ്ര്യം മറികടക്കാനെന്നവണ്ണം 1940 മുതല്‍ ശ്രീ ചിത്തിരതിരുന്നാള്‍ കായല്‍ നികത്തലിനു് നികുതിയിളവു് നല്കിയിരുന്നു. കായല്‍ നികത്തി കൃഷി തുടങ്ങാന്‍ രാജാവു് മുരിക്കുമ്മൂട്ടില്‍ തൊമ്മന്‍ ജോസഫിനെ (മുരിക്കന്‍) ചുമതലപ്പെടുത്തി. ആയിരക്കണക്കിന്‌ ദണ്‌ഡ്‌ (ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെയും ഓലയുടെയും ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌. ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. കായല്‍ രാജാവു് എന്നാണു് തൊമ്മന്‍ ജോസഫിനെ വിശേഷിപ്പിക്കുന്നത്. മുരിക്കന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ 64 കരി നിലങ്ങളിലായി 1800 ഹെക്ടര്‍ വുസ്തൃതിയില്‍ കൃഷിചെയ്തിരുന്നു. ഒരു ഏക്കര്‍ കൃഷിയിറക്കുമ്പോള്‍ 25 കിന്റല്‍ നെല്ലാണു് വിളവായി കിട്ടുന്നത്. ഇന്ന് കേരളത്തില്‍ 30 ലക്ഷം ടണ്‍ നെല്ലാണു് വേണ്ടത്. അതില്‍ 9 മുതല്‍ 13 ലക്ഷം ടണ്‍ വരെയാണു് ഇവിടെ കൃഷിചെയ്യുന്നുള്ളു. ഈ സാഹചര്യം നോക്കുമ്പോള്‍ തൊമ്മന്‍ ജോസഫിന്റെ പാടത്ത് എത്ര വിളവെടുത്തിരുന്നുയെന്നത് നമുക്ക് ഊഹിക്കാനേ കഴിഞ്ഞേക്കില്ല.

എന്റെ സംശയം 64 കരിപ്പാടങ്ങളായിരുന്നു. എന്താണു് 64 കരിപ്പാടങ്ങള്‍?

64 കലകള്‍, ചതുരംഗത്തിലെ 64 കളങ്ങള്‍, ഇതുപോലെ കുട്ടനാട്ടില്‍ 64 കരികള്‍. കുത്തിയെടുത്താല്‍ കറുത്ത കട്ടയാണല്ലോ കാണാറു്, കരി എന്നാല്‍ നിലം എന്നൊരര്‍ത്ഥം ഉണ്ട്. ഇതു് രണ്ടും ചേര്‍ന്നാവാം കരി നിലങ്ങള്‍ ഉണ്ടായത്. ഈ കരിപ്പാടങ്ങള്‍ അന്നത്തെ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ടവരെയാണു് ഏല്‍പ്പിക്കുക. അങ്ങനെ ഓരോരുത്തരും മേല്‍നോട്ടംവഹിച്ച നിലങ്ങള്‍ അവരവരുടെ പേരില്‍ അറിയപ്പെട്ടുരാമന്‍കരി , ചേന്നകരികൈനകരിപുതുക്കരിതായംകരി, മാമ്പുഴക്കരി, മേനോങ്കരിമിത്രകരി,…. എന്നിങ്ങനെ 64 കരിനിലങ്ങള്‍. ഓരോന്നും നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ അനന്തമായി പരന്നു കിടക്കുന്നവയാണു്.

കായല്‍പ്പരപ്പില്‍ ഒരുകൂട്ടം പോളകള്‍ കാടുപോലെ കാണാമായിരുന്നു. ശക്തിയായ ഒരു ഓളത്തിനോളമേ ആ ഒരുമയ്ക്ക് ആയുസ്സുള്ളൂ. അതിനനടുത്തായി പടര്‍ന്നുപന്തലിച്ചുകിടക്കുന്ന റോസ് നിറത്തിലുള്ള ആമ്പല്‍പ്പുക്കള്‍ ഞങ്ങളെനോക്കി ഓളത്തിനൊപ്പം തലയാട്ടിക്കൊണ്ടിരുന്നു. തെല്ലകലയല്ലാതെ ഒരു കട്ട കുത്തിയെക്കാനുള്ള പടം കണ്ടു. വഞ്ചിയുടെ ആകൃതിയില്‍ ഏരിനാട്ടിയ വടികള്‍ക്കിടയില്‍ വഞ്ചി കയറ്റി വെച്ച് കട്ട കുത്തിയെടുക്കാനായി വെള്ളത്തിലേയ്ക്ക് ഊഴ്ന്നിറങ്ങും, കുത്തിയെടുത്ത കട്ട ഒരു ഭാഗത്തുകൂടി വള്ളത്തിലേയ്ക്ക് എടുത്തിടും. വഞ്ചിയുടെ ഭാരം സന്തുലിതമാക്കുവാന്‍ പലവശങ്ങളിലായാണു് കട്ടകുത്തിയെടുത്ത് നിറയ്ക്കുക. ഇതേ രീതിയിലാണു് കക്കയും ചിപ്പിയും തൊഴിലാളികള്‍ വാരിയെടുക്കക. ദൂരെയായി പാടത്ത് കര്‍ഷകന്‍ അവന്റെ ഞാറുകള്‍ക്ക് മരുന്നടിക്കുന്നു. തൊട്ടടുത്ത് ഉഴുതുമറിച്ച പാടത്തേയ്ക്ക് പറിച്ചുനടാന്‍ അവ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളെക്കണ്ടതും തലതാഴ്ത്തി വെള്ളത്തിലേയ്ക്കു് ഊളിയിട്ടിറങ്ങി നീര്‍ക്കാക്കകള്‍ എങ്ങോട്ടോ മറഞ്ഞു. വീണ്ടും വൈദ്യുതി കമ്പിയില്‍ നിരനിരയായി ഭംഗിയേറിയ പക്ഷിക്കൂട്ടത്തെ എല്ലാരും കാമറയില്‍ പകര്‍ത്തിയെടുത്തു.

ആര്‍ ബ്ലോക്കു് ലക്ഷ്യം വച്ചായിരുന്നു ഞങ്ങളുടെ യാത്ര. മാര്‍ത്താണ്ഡം കായലിലൂടെ പോകുമ്പോള്‍ ഇടതുവശത്ത് പുഞ്ചപ്പാടം വളരെ അടുത്തായി കാണാനായി. കര്‍ഷക സ്ത്രീകള്‍ വിളഞ്ഞ പാടത്തുനിന്നും കളപറിച്ചെടുക്കുന്നു.

പാടത്ത് കര്‍ഷക സ്ത്രീകള്‍

പാടത്ത് കര്‍ഷക സ്ത്രീകള്‍

ബോട്ടിന്റെ ഒരു ഭാഗത്ത് വെയില്‍ ചൂടുകൂടിയപ്പോള്‍ പലരും സ്ഥാനംമാറിയിരുന്നു. പാടത്ത് പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വെയിലും മഴയും പുത്തരിയല്ല. അല്പം ചൂടുകൂടിയപ്പോള്‍ നമുക്കത് സഹിക്കാന്‍ പറ്റുന്നില്ല. കാലവസ്ഥയോട് പൊരുതി ജീവിക്കുന്ന കര്‍ഷകന്റെ പണി എത്ര സാഹസം നിറഞ്ഞതാണു് .

കൃഷിയാണു് മനുഷ്യന്റെ സംസ്കാരംതന്നെ മാറ്റിമറിച്ചതു്. പക്ഷേ പാടത്തും ചെളിയിലും ചേറിലും പുരണ്ട് പണിയെടുക്കുന്ന കര്‍ഷകനെ അധഃകൃതനായിക്കാണുന്നതാണു് നമ്മുടെ സംസ്കാരം. ജന്മംകൊണ്ട് ആരും ഇവിടെ ബ്രാഹ്മണനാകുന്നില്ല, കുലീനനുമാകുന്നില്ല. അറിവ് നേടിക്കഴിയുമ്പോഴേ ഒരുവന്‍ ബ്രാഹ്മണനാകുന്നുള്ളു. അറിവെന്ന സമൂഹസ്വത്തിനെ മറ്റുള്ളവരില്‍ നിന്നും അന്യമാക്കിക്കൊണ്ടുതന്നെയാണു് ഇവിടെ മേലാളന്മാരുണ്ടായിവന്നത്. ഇയ്യം ഉരുക്കിയൊഴിച്ചൊരു കാലം നമ്മുടെ ചരിത്രത്തില്‍നിന്നും ഒട്ടും വിദൂരമല്ല. പല അറിവുകളും സമൂഹത്തില്‍ നിലനിര്‍ത്തപ്പെടുവാന്‍ കുലത്തൊഴിലുകളായി മാറ്റി. കുലത്തൊഴില്‍ മനുഷ്യനെ പല തട്ടുകളായി തിരിച്ചു. പുലം എന്നാല്‍ വയലാണു്, അതില്‍ വേലയെടുക്കുന്നവനാണു് പുലയന്‍, ഇവിടെതുടങ്ങുന്നു കുലീനരുടെ വര്‍ഗ്ഗവിവേചനം. അവന് അയിത്തമുള്ളൊരു കാലമുണ്ടായിരുന്നു. പക്ഷേ അവന്റെ കൈപതിഞ്ഞ അന്നംതൊടാന്‍ ഉന്നത കൂലീനര്‍ക്ക് അയിത്തമുണ്ടായിരുന്നില്ല. പുലയാടി എന്നത് മലയാളികള്‍ക്ക് ഇന്നു് അശ്ലീലവാക്കാണു്. അതിന്റെ അര്‍ത്ഥം ചികയുമ്പോള്‍ കര്‍ഷകനാണെന്നു് മനസ്സിലാക്കുവാന്‍ ബുദ്ധിശൂന്യതയില്ലാത്തവനായി മലയാളിമാറി. പുലത്തില്‍ ആടുന്നവനാണു് പുലയാടി, വയലില്‍ വേലയെടുക്കുന്നവന്‍ എന്നാണ് അതിന്റെ അര്‍ത്ഥം. അതുപോലെ പലവിഭാഗക്കാര്‍ക്കും കുലത്തൊഴിലായി പറയെടുക്കുന്നവന്‍ പറയനും, മുറയനും മുറവനും നെയ്തലരും നമുക്കിടയില്‍ ജീവിച്ചിരുന്നു. കുട്ടനാടിന്റെ പരശുരാമന്മാരായ ഇവരൊക്കെയാണു് കാര്‍ഷിക കേരളത്തിന്റെ നട്ടെല്ല് അരക്കിട്ടുറപ്പിച്ചതെന്നു് നാം ഇനിയെങ്കിലും ഓര്‍ത്താല്‍ നന്നു്.

സംസാരിച്ചിരിക്കവെ ബോട്ട് ചിത്തിരക്കായലിലൂടെ ആര്‍ ബ്ലോക്കിന്റെ ഒരു വശത്തക്കു പ്രവേശിച്ചു. വലിയ ഡ്രഡ്ജര്‍ ഉപയോഗിച്ച് കായലിന്റെ അടിയില്‍ നിന്നും ചെളിയെടുത്ത് കുറച്ചുപേര്‍ ബണ്ടിനെ കരുത്തുള്ളതാക്കിമാറ്റുന്നു. ഈ പ്രവൃത്തിയാണ് പണ്ട് കര്‍ഷകന്‍ ഒറ്റയ്ക്ക് ചെയ്തതു് എന്നാലോചിക്കുമ്പോള്‍ എത്രവലുതായിരുന്നു ആ അദ്ധ്വാനം എന്നതു് ഒരു വലിയ ചോദ്യമാണു്. നിമിഷങ്ങള്‍ക്കകം വലിയ കരിക്കട്ടകള്‍ ഡ്രഡ്ജറിന്റെ കൈകള്‍ കായലില്‍ മുങ്ങി കൈപ്പിടിയിലൊതുക്കി ഉയര്‍ന്നു പൊങ്ങി. ആന തുമ്പിക്കൈ ഉയര്‍ത്തിയതുപോലെ… കാണാന്‍ അതിശയമുള്ള കാഴ്ച തന്നെ!

                 1940- ലുംമറ്റുമായി മുരിക്കന്‍  കുത്തിയെടുത്ത് തിരുവിതാംകൂര്‍ അവകാശികള്‍ വിളവെറിഞ്ഞ കരിനിലങ്ങള്‍ ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) ബ്ലോക്കുകളായും അതിനോടനുബന്ധിച്ചുള്ള കായല്‍ പ്രദേശം മാര്‍ത്തണ്ഡം കായല്‍ മഹാറാണിക്കായല്‍ , ചിത്തിരക്കായല്‍ എന്നിങ്ങനെയായാണു് അറിയപ്പെടുന്നത്. രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ്‌ നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്. ഇന്നു് അവയെ ആധുനീകരിച്ച് S,T,Q എന്നീ ബ്ലോക്കുകളായി നാമകരണം ചെയ്തിരിക്കുന്നു. ഇതില്‍ R ബ്ലോക്ക് 620 ഹെക്ടര്‍ പ്രദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ 1960-61 കാലഘട്ടത്തില്‍ കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍ ഹോളണ്ട് സ്കീമായാണു് കൂട്ടുകൃഷിക്ക് വേണ്ടി കുത്തിയെടുത്തത്. പലയിടങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ക്കയി അവ പതിച്ചു നല്‍കി. 1973 – ല്‍ വെള്ളപ്പൊക്കത്തെ നേരിടാനായി കെ.എല്‍. ഡി.സി. ആര്‍ബ്ലോക്കിനു ചുറ്റം വളരെ ശക്തമായ കരിങ്കല്‍ ബണ്ടുകള്‍ തീര്‍ത്തു. 1979 –ലെ കൃഷിനാശത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിനു് ശേഷം കെ.എല്‍.ഡി.സി. (കേരളാ ലാന്‍ഡ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍) മാര്‍ത്താണ്ഡം ഉള്‍പ്പെടെ മറ്റു കരിനിലങ്ങളിലും കരിങ്കല്‍ ബണ്ടുകള്‍ തീര്‍ത്തു. കര്‍ഷകരുടെ ഭാഗത്തു നിന്നും ഇതിനെതിരെ വലിയ വിമര്‍ശനം ഉണ്ടായിരുന്നു. കൃഷിയ്ക്ക് മാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കെ കര്‍ഷകന്‍ 500 രൂപ ബണ്ട് നിര്‍മ്മാണത്തിനായി നല്‍കേണ്ടിവന്നിരുന്നു. ബണ്ടില്‍ നിന്നും 12 അടി താഴ്ചയിലാണു് ആര്‍ ബ്ലോക്കില്‍ കൃഷിയിടമുള്ളത്. കേരളത്തിലെ ഹോളണ്ടായാണു് ആര്‍ ബ്ലോക്ക് അറിയപ്പെടുന്നതു്. ഈ അവസരത്തില്‍ ബണ്ട് കെട്ടി സംരക്ഷിച്ചു നിര്‍ത്തിയ ഹോളണ്ടിനെ ഹാന്‍സ് ബ്രിങ്കര്‍ എന്ന ബാലന്‍ രക്ഷിച്ചകഥ ഇടുക്കിയില്‍ നിന്നും വന്ന ഞങ്ങളുടെ യാത്രയിലെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ത്ഥി ഹേമന്ത് ജിജോ പറഞ്ഞുകേട്ടാണു് ഞാന്‍ അറിയുന്നതു്. ചരിത്രത്തിലെ പ്രധാനപ്പെട്ട ഇത്തരം എത്രയെത്ര കഥളാണു് അറിയാതെ പോകുന്നത്. ഹേമന്തിനു് നന്ദി.

ഹേമന്ത് കഥ പറയുന്നു

ഹേമന്ത് കഥ പറയുന്നു

സുഗീഷേട്ടന്‍, വിശ്വേട്ടന്‍, ഹേമന്ത്, ഞാന്‍ , പുറകില്‍ ശ്രീക്കുട്ടി

സുഗീഷേട്ടന്‍, വിശ്വേട്ടന്‍, ഹേമന്ത്, ഞാന്‍ , പുറകില്‍ ശ്രീക്കുട്ടി

ഹേമന്തിന്റെ അച്ഛന്‍ ജിജോ എം തോമസ്

ഹേമന്തിന്റെ അച്ഛന്‍ ജിജോ എം തോമസ്

കരിമ്പും കൊക്കോയും ഗ്രാമ്പുവും മറ്റു് നാണ്യവിളകളും ആര്‍ ബ്ലോക്കിലെ പ്രാധാന കൃഷികളായിരുന്നു. കേരളത്തിലെ നീരയുദ്പാദനത്തിലും ആര്‍ ബ്ലോക്കിനു് വലിയൊരു പങ്കുണ്ടായിരുന്നു. ഇതൊക്കെ പഴയകഥ, ഇന്നു് ആര്‍ ബ്ലോക്കിന്റെ സ്ഥിതി ഈ പറഞ്ഞതില്‍ നിന്നും എത്രയോ വികൃതമാണു്. തുടക്കംമുതല്‍ക്കേ കുട്ടനാടിന്റെ വശ്യചാരുത പകര്‍ത്തിയെടുത്ത എന്റെകണ്ണുകളെ അറപ്പിക്കുംവിധത്തിലായിരുന്നു ആര്‍ ബ്ലോക്കിന്റെ അവസ്ഥ. കുടിയൊഴിഞ്ഞ വീടുകള്‍ , എങ്ങും മണ്ടയില്ലാത്ത തെങ്ങുകളും ഉണങ്ങിവരണ്ട മരങ്ങളും ആര്‍ ബ്ലോക്കിനെ ഒരു മരുഭുമിയോടുപമിപ്പിക്കുംപോലെ ഭീകരാവസ്ഥയിലേക്കു് മാറ്റിയിരിക്കുന്നു.  ഒരു വര്‍ഷം മുമ്പ് ഇവിടെയെല്ലാം പച്ചപ്പുണ്ടായിരുന്നെന്ന് സാനുമാഷ് മുമ്പത്തെ യാത്രയുടെ അനുഭവമായി  പറഞ്ഞു. എന്താണു് ഈ അവസ്ഥയ്ക്കുകാരണം? പിടിപ്പുകേടും നിരുത്തരവാദവുമാണെന്നു് കുട്ടനാട്ടുകാരു് പറയും.

ആര്‍ ബ്ലോക്ക്

ആര്‍ ബ്ലോക്ക് ഇരുണ്ടകാഴ്ചയില്‍

ആധുനിക സാങ്കേതിക വിദ്യയോടെ വലിയ 30 ഉം, 20 ഉം കുതിര ശക്തിയുള്ള 22 മോട്ടോറുകളുപയോഗിച്ച് കരിനിലത്തിന്റെ നാലുപാടുനിന്നും വെള്ളം കായലിലേക്ക് ഒഴുക്കിവിട്ടു് കര്‍ഷകന്‍ കൃഷി ചെയ്തുപോന്നു. 1965 –വരെ കൃഷി നല്ലരീതിയില്‍ തുടര്‍ന്നു. പിന്നീട് കൃഷി നഷ്ടത്തിലേക്ക് നീങ്ങിയപ്പോള്‍, കുറേ കര്‍ഷകര്‍ പതിച്ചുകിട്ടിയ നിലംവിട്ട് വന്ന സ്ഥലങ്ങളിലേക്ക് പോയി. ആര്‍ ബ്ലോക്കിലെ കൃഷി മന്ദഗതിയിലായി. 1980 – കളില്‍ സൊസൈറ്റിയില്‍ നിന്നും കര്‍ഷകര്‍ ലോണെടുത്ത് കൊക്കോയും ഗ്രാമ്പുവും ഏലവും ആര്‍ബ്ലോക്കില്‍ വിജയകരമായി കൃഷിചെയ്തു. ക്രമേണ അതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കൈവശമുള്ള സമ്പാദ്യവുമായി കര്‍കരുടെ കൂട്ടപലായനം ആര്‍ബ്ലോക്കിനെ അനിശ്ചിതത്വത്തിലേക്ക് നയിച്ചു.

ആര്‍ ബ്ലോക്കിലെ മരങ്ങള്‍ ഉണങ്ങി വരണ്ട ദൃശ്യം

ആര്‍ ബ്ലോക്കിലെ മരങ്ങള്‍ ഉണങ്ങി വരണ്ട ദൃശ്യം

ആര്‍ ബ്ലോക്കിന്റെ അടുത്തുനിന്നുള്ള ചിത്രം

ആര്‍ ബ്ലോക്കിന്റെ അടുത്തുനിന്നുള്ള ചിത്രം

ഡി വാട്ടറിങ്ങ് നടക്കാതായി, കര്‍ഷക കുടുംബങ്ങള്‍ സ്ഥലവും വിറ്റ് കൈനകരി കാവാലം ഭാഗത്തേയ്ക്ക് ഒഴിഞ്ഞുപോയി. സൊസൈറ്റിയുടെ കൈവശത്തിലായ ആര്‍ ബ്ലോക്ക് അവര്‍ ലേലം ചെയ്തു. ആര്‍ ബ്ലോക്കിന്റെ ഒരു ഭാഗം അങ്ങനെ വിദേശമലയാളികളുടെ കൈപ്പിടിയിലൊതുങ്ങി. ഇതിനെതിരായി സൊസൈറ്റി ജീവനക്കാര്‍ക്കെതിരെ കോടതിയില്‍ കേസ് നിലനില്കുന്നു. എക്കോ സിസ്റ്റം ആകെ തകിടംമറിഞ്ഞിരിക്കുന്നു. ആര്‍ ബ്ലോക്കിലാകെ പച്ചനിറത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. ഡി വാട്ടറിങ്ങ് നിലച്ചുപോയിട്ട് വര്‍ഷങ്ങളായല്ലോ?.

മണ്ടയില്ലാത്ത തെങ്ങും ഇലകൊഴിഞ്ഞ മരവും

മണ്ടയില്ലാത്ത തെങ്ങും ഇലകൊഴിഞ്ഞ മരവും

മരങ്ങളുടെ വേരുകള്‍വരെ കെട്ടുപോയിരിക്കുന്നു. ബണ്ടിന്റെ അതിര്‍ത്തിയിലുള്ള ചിലമരങ്ങളിലും തെങ്ങുകളിലും പച്ചപ്പുകാണാം. 620 ഹെക്ടറില്‍ ബാക്കിയുള്ളതെല്ലാം പാടെ നശിച്ചിരിക്കുന്നു. ഏതൊരു കര്‍ഷകനേയുംവേദനിപ്പിക്കുന്നതുപോലെ ആനന്ദക്കുട്ടന്മാഷിനേയും ഈ കാഴ്ച വളരെയധികം വേദനിപ്പിക്കുന്നാതായി അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും എനിക്കുമനസ്സിലാകുന്നുണ്ടു്. കുട്ടനാടിന്റെ പതനം തുടങ്ങിക്കഴിഞ്ഞുയെന്ന ആശങ്ക ഗതകാലസ്മരണകള്‍ വിവരിക്കുമ്പോഴെ കുട്ടനാട്ടുകാരില്‍നിന്നും ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ആര്‍ ബ്ലോക്കിനോടടുപ്പിച്ച് ബോട്ടുനിര്‍ത്തി. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടം ഇവിടെ കാണുമെന്നു് ചിലര്‍ പിറുപിറുക്കുന്നു. അനില്‍ മാഷിന്റെ മകന്‍ അച്ചുവിന്റെയും, അദ്ദേഹത്തിന്റെ ജ്യേഷ്ഠപുത്രന്‍ സുപ്പുവിനെയും ശ്രദ്ധിക്കാന്‍ ഞാന്‍ ശ്രീക്കുട്ടിയോടു് പറഞ്ഞു. ലാലുചേട്ടനും ഭാര്യ ജ്യോതിച്ചേച്ചിയും ബോട്ടു നിര്‍ത്തിയതിന്റെ വലതുഭാഗത്തുകൂടെ ബണ്ടിലൂടെ നടന്നു. തൊട്ടുപിന്നാലെ കുഞ്ഞിനേയുമെടുത്ത് രാജേഷേട്ടനും   മഞ്ജുച്ചേച്ചിയും . അവരെ അനുഗമിച്ചു് ഞങ്ങളും പുറകേ പോയി. അധികം ദൂരെപ്പോകുവാന്‍ ഞങ്ങള്‍ക്കായില്ല. തിരികെ നടന്നു.

ബണ്ടിന്റെ കരയില്‍ ചോലയുണ്ടു്. അതിനാല്‍ നല്ലൊരു തണുപ്പ് അനുഭവപ്പെട്ടുതെക്കുംതലക്കില്‍ ബോട്ടുകാരാണു് ആദ്യം കരപറ്റിയതു്. അവരു് ഇടതുവശത്തുകൂടി ആര്‍ബ്ലോക്കു ചുറ്റിക്കാണാനായി നടന്നു. ബോട്ടുയാത്രയുടെ കുശലം സുജിത്തേട്ടനുമായി പങ്കുവച്ചു. യാത്രക്കാരെ മാടിവിളിക്കാനായി കരയില്‍ ഒരു ഹോട്ടല്‍ മാത്രമാണു് ഉള്ളത് ‘അയോദ്ധ്യ’. ആര്‍ ബ്ലോക്കില്‍ അയോദ്ധ്യ മാത്രമേ മനുഷ്യവാസമുള്ളതായ ഒരു സ്ഥലം കണ്ടുള്ളൂബോട്ടുകളടുക്കുന്ന ചെറിയ ജട്ടിയില്‍ എല്ലാ വിക്കീപീഡിയരേയും നിര്‍ത്തി ഞങ്ങള്‍ ഫോട്ടോകള്‍ എടുത്തു.

ഹോട്ടലില്‍ എന്തിനോ വന്ന ചേച്ചിയുടെ വഞ്ചി തീരം പറ്റിയിരിക്കുന്നു. സജല്‍ മോനും അദീബ് മുഷിനും അതില്‍ കയറി തുഴയാന്‍ ശ്രമിച്ചു. അവര്‍ക്ക് എത്ര തുഴഞ്ഞിട്ടും ഏറെ ദൂരം പോകാനായില്ല. വള്ളക്കാരി ചേച്ചി തിരികെ വന്നു. അവരതില്‍ കയറി തുഴഞ്ഞതേ കണ്ടുള്ളൂ. ‘ഇതെന്തൊരു ഫീഡാ………!!!’ .

ഫോട്ടോയ്ക്കു് പോസു ചെയ്യാനും കാഴ്ചകളാസ്വദിക്കാനും എല്ലാവരും സമയംകണ്ടെത്തുമ്പോള്‍ എന്റെ ശ്രദ്ധ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ആര്‍ ബ്ലോക്കിന്റെ ശോചനിയാവസ്ഥയിലേക്കായിരുന്നു. കൃഷിയിട പരിപാലനം കൃത്യമായി നടക്കാത്തതിനാല്‍ ഇടതൂര്‍ന്നുള്ള വഴികളെല്ലാം അടഞ്ഞു കാടുകൂടിയിരിക്കുന്നു. ആരും ഇറങ്ങിക്കാണാന്‍ ശ്രമിക്കരുതെന്നു് സുജിത്തേട്ടന്‍ വിളിച്ചുപറഞ്ഞു. മുകളിലേക്കുനോക്കുമ്പോള്‍ ഉണങ്ങി വരണ്ടതെങ്ങും കൊക്കോ മരങ്ങളും മറ്റും ഞങ്ങളുടെ മുന്നില്‍ ദയാവധംകാത്തു നില്‍ക്കുന്നു. ആയിരങ്ങളുടെ പരിശ്രമഫലമായി രൂപംകൊണ്ട ആര്‍ ബ്ലോക്ക് ഇന്നു് ആര്‍ക്കും അറപ്പുതോന്നിക്കുന്ന പടുനിലമായി മാറിയിരിക്കുന്നു. വിനോദത്തിനായാണു് പലരും ആര്‍ ബ്ലോക്കിലിറങ്ങിയത്. ആര്‍ ബ്ലോക്കിന്റെ ശോചനീയാവസ്ഥ എത്രപേരില്‍ വിരക്തിയുണ്ടാക്കിയിട്ടുണ്ടാകും?

ഞങ്ങളുടെ ബോട്ട്

ഞങ്ങളുടെ ബോട്ട്

സമയം 2.10 . ഭക്ഷണംകഴിക്കാനായൊരിടം അവിടെങ്ങും കണ്ടെത്താനായില്ല. എല്ലാവരോടും ബോട്ടിലേയ്ക്കു് കയറാനായി സുജിത്തേട്ടന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരായി ബോട്ടിലേക്ക് കയറിത്തുടങ്ങി. ഞങ്ങളുടെ ബോട്ട് തെക്കുംതലക്കലുമായി അടുപ്പിച്ചാണ് കെട്ടിയിട്ടിരിക്കുന്നത്. ഇര്‍ഫാന്‍ ഇബ്രാഹിം സേട്ടും സജല്‍ കരിക്കനും കുറച്ചുപിള്ളേരും രണ്ടു ബോട്ടിലും കാലുകളകത്തിവെച്ച് അഭ്യാസ പ്രകടനവും ഫോട്ടോയെടുപ്പും നടത്തുന്നുണ്ട്. ബോട്ടുകള്‍ പുറപ്പെടണമെങ്കില്‍ അവസാനം വന്ന ഞങ്ങള്‍തന്നെ ആദ്യം ഞങ്ങള്‍തന്നെ പുറപ്പെടേണം. ചിലരൊക്കെ ആള്‍ക്കുട്ടംകണ്ട് തെക്കുംതലക്കലില്‍ കയറി. സജല്‍ മോന്‍ ഒരു പൊതികെട്ടില്‍ അയോദ്ധ്യയില്‍ നിന്നും വാങ്ങിയ  കക്കയിറച്ചിയുമായി വന്നു. അനില്‍മാഷ് അതു് വാങ്ങിവെച്ചു. എന്നോടും അച്ചുവിനോടും രുചി നോക്കുവാനായി പറഞ്ഞു. ഞങ്ങള്‍ അല്പം എടുത്ത് രുചിച്ചു. നല്ല രുചി, നാവില്‍ ഉമിനീരൂറിവന്നു. ഇനി ചോറുതിന്നുമ്പോളാവാം.! തെലുക് വിക്കീപീഡിയരായ റഹ്മാനുദ്ദീന്‍ , സുഭാശിഷ് എന്നിവ്ര‍ ഞങ്ങളുടെ ബോട്ടിലേക്ക് കയറിയിടംപിടിച്ചിരുന്നു. ആളധികമുണ്ടെങ്കില്‍ വല്ല്യമ്മേനെയെടുത്ത് വള്ളത്തില്‍നിന്നെറിയാമെന്നു് സുജിത്തേട്ടന്‍ വിളിച്ചുപറഞ്ഞു. ഞങ്ങളുടെ ബോട്ടില്‍മാത്രം അതിനുമറുപടിയായുള്ള ചിരി ഉയര്‍ന്നു. ചിത്തിരകായലിലുടെ ആര്‍ ബ്ലോക്കിന്റെ തൊട്ടടുത്ത അറ്റത്തേയ്ക്ക് പുറപ്പെട്ടു. അല്പം മുന്നോട്ടു് പോയപ്പോള്‍ വിദേശികളേയും വഹിച്ചുകൊണ്ട് ഒരു ഹൌസ്ബോട്ട് ഞങ്ങള്‍ക്കടുത്തുകൂടി തുഴഞ്ഞുനീങ്ങി. അവരില്‍ ചിലരൊക്കെ കൈവീശിക്കാണിക്കുന്നു. മറുപടിയായി ഞങ്ങളും കൈവീശികാണിച്ചു.

അകലെ ചിത്തിരപ്പള്ളി

അകലെ ചിത്തിരപ്പള്ളി

അകലെ ചിത്തിരപ്പള്ളികണാം. അതിനെ ലക്ഷ്യം വച്ചു് ബോട്ട് കുതിച്ചു. പള്ളിയോടടുത്ത് മടമുറിഞ്ഞുകിടക്കുന്നതായി കണ്ടു. അവിടവിടെയായി മുറിഞ്ഞമടയില്‍ ഏരിനാട്ടിയിട്ട കമ്പുകളും തെങ്ങിന്‍കുറ്റിയും കാണാം. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെയാണു് മടകള്‍ തകരാനിടയായത്. ബോട്ടിനു് കുറുകെയായി ഒരു വഞ്ചിയില്‍ കച്ചിയുമായി മൂന്നു് സ്ത്രീകള്‍ തുഴഞ്ഞുപോകുന്നു. വിശ്വേട്ടന്റെ കാമറ ശബ്ദിച്ചു.

വിശ്വേട്ടന്‍ പകര്‍ത്തിയത്

വിശ്വേട്ടന്‍ പകര്‍ത്തിയത്

പള്ളിയോടടുപ്പിച്ചു് ബോട്ടു് നിര്‍ത്തിയിട്ടു. ഓരോരുത്തരായി ബോട്ടില്‍ കരുതിവച്ച ഭക്ഷണവും വെള്ളവും പേറി പുറത്തേക്കിറങ്ങി. ഇതാണു് ചിത്തിരപ്പള്ളി. നാലുഭാഗവും അടഞ്ഞുകിടക്കുന്നു. വര്‍ഷങ്ങളായിക്കാണും ചുമരുകള്‍ക്ക് ചായം പൂശിയിട്ട്. പള്ളിയുടെ മുകളില്‍ ഞങ്ങളെ അനുഗ്രഹിക്കാനെന്നവണ്ണം മാതാവ് നില്‍ക്കുന്നു. മാതാവിന്റെ മുഖം കടുത്ത വെയിലേറ്റു് വിളറിയിരിക്കുന്നു.

പള്ളിയുടെ പൂര്‍ണ്ണ ചിത്രം ജയസന്‍ നെടുമ്പാല പകര്‍ത്തിയത്

പള്ളിയുടെ പൂര്‍ണ്ണ ചിത്രം – ജയസന്‍ നെടുമ്പാല പകര്‍ത്തിയത്

മാതാവ്

പള്ളിയുടെ മുന്‍ഭാഗം – മാതാവ്

chithirappally

ചിത്തിരപ്പള്ളി

കായല്‍ കുത്തിയെടുത്തിരുന്ന കാലത്ത് പണിക്കാര്‍ക്കും കര്‍ഷകര്‍ക്കുവേണ്ടി മുരിക്കുമ്മൂട്ടില്‍ തൊമ്മന്‍ ജോസഫ് പണികഴിപ്പിച്ച പള്ളിയാണു്.  ഇരു ബോട്ടിലെ വിക്കീപീഡിയരും പള്ളി ചുറ്റിക്കണ്ടു് ഫോട്ടോകളെടുത്തു. ചിലരുടെ കൈകള്‍ ജനലഴികള്‍ വഴി പള്ളിക്കകത്തുപോയി കര്‍ത്താവിന്റെ മുഖത്ത് ഫ്ലാഷടിച്ചതായി കേട്ടു.

രാജേഷ്, മഞ്ജു, ആത്മിക , അലൈന, ജ്യോതി, ലാലു

രാജേഷ്, മഞ്ജു, ആത്മിക , അലൈന, ജ്യോതി, ലാലു

പള്ളിയുടെ മുന്നിലായി ചെറിയ ഇരുമ്പ് കമാനങ്ങളുണ്ട്. അതിനടുത്തായി ഭക്ഷണ സാധനങ്ങള്‍ ഒരുക്കിവച്ചു . ഡിസ്പോസിബിള്‍ പാത്രം ഞാന്‍ ഓരോരുത്തര്‍ക്കുമായി നല്‍കി, സജല്‍ ചോറുവിളമ്പി. റഹ്മാനുദ്ദീന്‍ തോരന്‍ , അബ്ദുള്‍ ജബ്ബാര്‍ മാഷ് കക്കയിറച്ചി, മറ്റുള്ളവര്‍  അച്ചാറും കറിയും വിളമ്പി. ശ്രീജിത്ത് മാഷായിരുന്നു കരിമീന്‍ വിളമ്പിയത്. ഒരു പെട്ടി കരിമീന്‍ കാണുന്നില്ലെന്നു് ഗോപകുമാര്‍ മാഷ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ ചോറുവിളമ്പിയ പാത്രങ്ങളിലെല്ലാം ശ്രീജിത്ത് മാഷ് കരിമീന്‍ ഒത്തും ഒപ്പിച്ചും വിളമ്പി. ആരോ പോയി കാണാതായ കരിമീന്‍ പുറത്തെടുത്തുകൊണ്ടുവന്നു. അവസാനം ചോറുവിളമ്പിയവര്‍ക്കെല്ലാം ചോറിനൊപ്പം കരമീനല്ല, കരിമീനൊപ്പം ചോറാണു് ലഭിച്ചതു്. ആലപ്പുഴ വന്നിട്ട് കരിമീന്‍ കഴിക്കാതെ ആരും മടങ്ങരുതെന്നു് ഗോപകുമാര്‍ മാഷ് വിളിച്ചു പറഞ്ഞു. “ഇതുവരെ കരിമീന്‍ കഴിക്കാത്തവര്‍ കഴിക്കുന്നവരെ കണ്ട് പഠിക്കുക, ശ്രദ്ധിക്കുക മുള്ള് അപകടകാരിയാണ്”. സാനുമാഷിന്റെ അശിരീരിയായിരുന്നു. ശ്രീക്കുട്ടി ഇതുവരെ കരിമീന്‍ കഴിച്ചിട്ടില്ല, പേടിയുണ്ടെങ്കില്‍ ഇങ്ങുതന്നേക്കൂന്നു് ഞാന്‍ പറഞ്ഞു. ആരും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കരിമീനും കൂട്ടിയുള്ള ചോറിനു് ഒരു പ്രത്യേക രുചിയായിരുന്നു. അനില്‍ മാഷും നയീബും അച്ചുനേം സുപ്പുനേം കൂട്ടി പള്ളിയുടെ തണലുള്ള ഭാഗത്തേക്ക് പോയി. കരീമീന്‍ ബാക്കിവന്നാലോന്നു് കരുതി ഞാന്‍ താല്കാലിക ഊട്ടുപുരയ്ക്കു തണലുപിടിച്ചു നിന്നു. ബോട്ട് യാത്രയില്‍ ക്ഷീണിച്ചതിനാല്‍ വിശപ്പിനു് വിശപ്പ് കൂടുതലായിരുന്നു. ഞാനും സുഗീഷേട്ടനും മൂന്നും നാലുംകരിമീന്‍ എടുത്ത് കഴിച്ചു. പോരാത്തതിനു് ബാക്കിവന്ന കക്കയിറച്ചി ഗോപകുമാര്‍ മാഷ് എനിക്കുവച്ചുനീട്ടി. എല്ലാരും നല്ലരുചിയോടെ ഉണ്ടു. ഉള്ള വെള്ളത്തില്‍ കൈയ്യും വായും നനച്ചു് എല്ലാരും മുഖം തുടച്ചു. ഉച്ചയൂണിനു് ശേഷം നയീബ് പള്ളിയുടെ മുന്നില്‍ കാല്‍മുട്ടോളം ഉയരത്തില്‍ നിരന്നുകിടക്കുന്ന ഉണങ്ങിയപുല്ലില്‍ എന്തോ പരതുന്നതായി തോന്നി. ഞാന്‍ അടുത്തേയ്ക്ക് പോയപ്പോള്‍ പുല്ലിനിടയില്‍ കോഴിമുട്ടയോളം വലുപ്പത്തില്‍ ഒരുപാട് പൊട്ടിയ മുട്ടകള്‍ കണ്ടു. നയീബ് പറഞ്ഞു പാമ്പിന്റേതാവും, ഞാന്‍ പറഞ്ഞു വെറും പാമ്പല്ല പെരുമ്പാമ്പിന്റേതാവും. പറഞ്ഞുതീരുംമുമ്പേ നയീബ് പാമ്പ് പാമ്പ് എന്നുറക്കെ വിളിച്ചുപറഞ്ഞു. എന്നെ പേടിപ്പിച്ചതാണെന്നു് അതില്‍നിന്നുള്ള ഞെട്ടലിനു് ശേഷമാണു് ഞാനറിഞ്ഞത്. ഞെട്ടിയതില്‍ അതിശയോക്തിയില്ല, നൂറുകണക്കിനു് മുട്ടകള്‍ ശ്രദ്ധിച്ചുകണ്ണോടിച്ചാല്‍ കാണാനാകും. അതൊക്കെ പാമ്പിന്റേതാകുമെങ്കില്‍ അവയൊക്കെ അവിടെത്തന്നെ കണ്ടേക്കില്ലേയെന്നു് ഞാന്‍ നയീബിനോടുതന്നെ ചോദിച്ചു. കണ്ടവര്‍ കണ്ടവര്‍ കോഴിമുട്ട, താറാവുമുട്ട എന്നിങ്ങനെ അഭിപ്രായപ്പെട്ടു. വലുപ്പത്തിലും രൂപത്തിലും ആ പറഞ്ഞവയുമായി യോജിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അതെന്തിന്റെ മുട്ടയായിരുന്നു എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ആര്‍ക്കും ഒരുത്തരം നല്കാനായില്ല. പള്ളിയുടെ മുന്‍വാതിലില്‍ നിന്നും എന്റെ ഒരു ഫോട്ടോയെടുത്ത് നയീബ്  ബോട്ടിലേക്ക് കയറാനൊരുങ്ങി. എല്ലാരും കഴിച്ചുകഴിഞ്ഞ പാത്രങ്ങള്‍ കൈകൊണ്ടടുക്കുക്കൂട്ടി സാനുമാഷ് പെട്രോളിനായി ബോട്ടുകാരോട് വിളിച്ചു ചോദിച്ചു. ഗോപകുമാര്‍ മാഷ് കഴിച്ചുകഴിഞ്ഞ ഭക്ഷണം കരുതിയ പാത്രങ്ങളും കുപ്പികളും അവിടെവിടുന്നായി എടുത്തുവച്ചു. ഞാനും ഒപ്പം കൂടി. ചോറ് വിളമ്പാന്‍ കരുതിയ ഫൈബര്‍ പാത്രങ്ങളിലൊന്നു് എന്റെ കൈയ്യില്‍ നിന്നും താഴെവീണു് പൊട്ടി. അതു് കളഞ്ഞേക്കൂയെന്നു് ഗോപകുമാര്‍ മാഷ് പറഞ്ഞു. ഞാന്‍ കൈ കഴുകി ബോട്ടിന്റടുത്തേക്ക് നടന്നു. അപ്പോള്‍ ശ്രീജിത്ത് മാഷ് ബാക്കിവന്ന ഒരു വട്ടപ്പാത്രത്തിന്റെ പകുതിയോളം വരുന്ന ചോറ് മത്സ്യങ്ങള്‍ക്ക് തീറ്റകൊടുക്കാനായി കായലിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നു. കൂട്ടത്തിലുള്ള കുട്ടികള്‍ക്ക് അതൊരാവേശമായി തോന്നി. ചോറ് കായലിലെറിയുക എന്നത് ശ്രീജിത്ത് മാഷിന്റെ മാത്രം തീരുമാനമായിരുന്നില്ല. കായലിലെറിയാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു. ആ ദൃശ്യം എന്നില്‍ ആത്മ രോഷമുണ്ടാക്കി. കുട്ടനാട്ടിലെ കരിനിലങ്ങള്‍ സന്ദര്‍ശിച്ച ഒരാള്‍ക്കും ഒരുമണിനെല്ലുപോലും കളയാന്‍ തോന്നില്ലെന്നായിരുന്നു എന്റെ അതുവരേയ്ക്കുമുള്ള കാഴ്ചപ്പാട്. അദ്ധ്വാനത്തിന്റെ തീവ്രത കണ്ടല്ല അനുഭവിച്ചുതന്നെ അറിയണം. അല്ലാതെ എത്ര കാഴ്ചകള്‍ക്കും കണ്ണു്കൊടുത്തിട്ടുകാര്യമില്ലല്ലോ?

എല്ലാവരും പതിയെപതിയ  ബോട്ടിലേയ്ക് പ്രവേശിച്ചു. ഭക്ഷണത്തിനു് ശേഷമുള്ള തുറന്ന ചര്‍ച്ചയ്ക്കുള്ള കളമൊരുങ്ങി. വേമ്പനാട് കായലിന്റെ പാരിസ്ഥിക പ്രശ്നത്തെക്കുറിച്ചും കുട്ടനാടിന്റെ ശോചനിയാവസ്ഥയെപ്പറ്റിയും വിവരിക്കാന്‍ ആനന്ദക്കുട്ടന്‍മാഷിനു് മൈക്ക് കൈമാറി. ആദ്യമായി ഈ യാത്ര സംഘടിപ്പിച്ചതിനു് അദ്ദേഹം വിക്കീപീഡിയരോട് കൃതജ്ഞത രേഖപ്പെടുത്തി. “ഈ പുറകുവശത്തു് കാണുന്നതാണു് ആര്‍ ബ്ലോക്ക് ഇവിടെ കൂട്ടുകൃഷിയ്ക്കുവേണ്ടി തുടങ്ങിയ കരിനിലമാണു്”. ഇന്നത്തെ ആര്‍ ബ്ലോക്കിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. കുട്ടനാടിന്റെ എക്കോ സിസ്റ്റത്തെ മാറ്റിമറയ്ക്കാതെ ആര്‍ ബ്ലോക്കിനെ നിലനിര്‍ത്താന്‍ ജനാധിപത്യ സര്‍ക്കാര്‍ ശ്രമിക്കണമെന്നു് അദ്ദേഹം എല്ലാവരോടുമായി അഭിപ്രായപ്പെട്ടു. അതിനായി 620 ഹെക്ടര്‍ സ്ഥലത്തെ സബ്സോണുകളാക്കിത്തിരിച്ച് പഴയസ്ഥിതി വീണ്ടെടുക്കാന്‍ ക്രമേണ സാധിക്കും. അതുമല്ലെങ്കില്‍ അവിടമുള്ള മരങ്ങളും തെങ്ങുകളും പാടെ വെട്ടിനിരത്തി മടതുറന്നു്വിട്ട് കായലിനോട് ലയിപ്പിക്കുക, ഇത് അപ്രായോഗികമാണു്. 620 ഏക്കറിലുള്ള ഉണങ്ങിവരണ്ട മരങ്ങള്‍ ആര്‍ക്കുംഎളുപ്പത്തില്‍ വെട്ടിനിരത്താന്‍ സാധിക്കില്ല. അല്ലാതെ വെള്ളമൊഴുക്കിവിട്ടാല്‍ കാലങ്ങളോളം കായലിനേക്കാളുയരത്തില്‍കുറ്റിയും മരങ്ങളും ഗതാഗത തടസ്സം സൃഷ്ടിച്ച്കൊണ്ടേയിരിക്കും.”

ഇതിലെല്ലാമുപരിയായി ഒരായിരം മനുഷ്യരുടെ കാലങ്ങളോളമായുള്ള പരിശ്രമത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്നതു് , തോട്ടപ്പള്ളി സ്പില്‍വേയെപ്പോലെയും തണ്ണീര്‍മുക്കം റഗുലേറ്റര്‍ പോലെയും മനുഷ്യന്റെ വികലമായ ബുദ്ധിയായി കാലങ്ങള്‍ക്കുശേഷം വിലയിരുത്തപ്പെടുമെന്നതു് തീര്‍ച്ചയാണു്. ആര്‍ ബ്ലോക്കിനെക്കുറിച്ച് വിഹഗവീക്ഷണവും പഠനവും നടത്തി കൃഷിയോടൊപ്പം വിനോദസഞ്ചാരത്തിനും ഉതകുന്നരീതിയിലുള്ള പ്രൊപ്പോസല്‍ മാഷ് വ്യക്തമാക്കി.

മറ്റൊന്നു് പാതിരാമണലിന്റെ ഇന്നത്ത അവസ്ഥയാണു്., 28 –ഹെക്ടര്‍ വിസ്തൃതിയില്‍ എക്കല്‍ വന്നടിഞ്ഞ് രൂപപ്പെട്ട പകൃതിദത്തമായ ദ്വീപാണു് പാതിരാമണല്‍. ആലപ്പുഴയില്‍ നിന്നും 18 കിലോമീറ്ററും മുഹമ്മയില്‍ നിന്നു് 4 കിലോമീറ്ററും അകലെയായാണു് പാതിരാമണല്‍ സ്ഥിതിചെയ്യുന്നത്. ഒരുപാട് ജൈവ വൈവിദ്ധ്യമുള്ള സ്ഥലം. വേമ്പനാട്ടുകായലിലെ ഏറ്റവും ഭംഗിയേറിയ സ്ഥലമാണു് പാതിരാമണല്‍.  23 കുടുംബങ്ങള്‍ പാതിരാമണലില്‍ ഉണ്ടായിരുന്നു. ഇന്നവര്‍ കോട്ടയത്തിന്റെയും ആലപ്പുഴയുടേയും വിവിധ ഭാഗങ്ങളിലേയ്ക്ക് സ്ഥലവും വിറ്റ് പോയിരിക്കുന്നു. നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന പാതിരാമണല്‍ ഇന്നു് കാടുകേറി നശിക്കുകയാണു്. അനാശാസ്യ പ്രവര്‍ത്തനവും സാമൂഹ്യവിരുദ്ധരും പാതിരാമണലിന്റെ വിശുദ്ധി നഷ്ടപ്പെടുത്തിയിരിക്കുന്നു. കുത്തക ഭീമന്മാരായ ഒബ്‌റോയ് ഗ്രൂപ്പ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവസരോചിതമായ ഇടപെടലോടെ കുട്ടനാട്ടുകാര്‍  അതു തടഞ്ഞുനിര്‍ത്തി. ഇതെല്ലാം നവമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു് കൊണ്ടുവരണം, ഒരു നാടിന്റെ വികസനപ്രവര്‍ത്തനത്തില്‍ നിങ്ങളെല്ലാവരും പങ്കാളികളാകണം. ജനാധിപധ്യ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കുട്ടനാട്ടിലെ കരിപ്പാടങ്ങളും കായലുകളും കൊണ്ടുവരണം, അതിനായി നിങ്ങള്‍ ഓരോരുത്തരുടേയും അഭിപ്രായം ഇവിടെ പങ്കുവയക്കൂ.”

വിശ്വേട്ടന്റെ പുറകില്‍ സുഗീഷേട്ടന്‍ ചര്‍ച്ച ശ്രദ്ധിക്കുന്നു

വിശ്വേട്ടന്റെ പുറകില്‍ സുഗീഷേട്ടന്‍ ചര്‍ച്ച ശ്രദ്ധിക്കുന്നു

ആനന്ദക്കുട്ടന്മാഷ് വിവരണം നല്‍കുന്നു

ആനന്ദക്കുട്ടന്മാഷ് വിവരണം നല്‍കുന്നു
ഇടത് അച്ചു , സുപ്പു, ലാലു ചേട്ടന്‍

ചര്‍ച്ചയില്‍ അനില്‍മാഷ് സംസാരിക്കുന്നു

ചര്‍ച്ചയില്‍ അനില്‍മാഷ് സംസാരിക്കുന്നു

മൈക്ക് ഞങ്ങളുടെ വള്ളത്തിലുള്ള അബ്ദുള്‍ ജബ്ബാര്‍ മാഷിനു് കൈമാറി, അദ്ദേഹം കൂട്ടനാടിനേയോ വേമ്പനാടിനേയോ പ്രതിപാദിക്കുന്ന രീതിയില്‍ ഒന്നും പറഞ്ഞില്ല. വിക്കി ജലയാത്ര സംഘടിപ്പിച്ചതിനു് സംഘാടകരെ അഭിനന്ദിച്ചു് സംസാരിച്ചു. അടുത്തതായി ഭാഗ്യശ്രീ മൈക്കു് വാങ്ങി, “കുട്ടനാടിന്റെ പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ കുട്ടനാടിന്റെ ജനങ്ങള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ, ഒരു ചെറിയൊരു സമൂഹത്തിന്റെ അഭിപ്രായത്തില്‍ ഒതുങ്ങുന്നതല്ല കുട്ടനാടിന്റെ പ്രശ്നങ്ങള്‍ , കാര്‍ഷിക പാക്കേജുകളും ഫണ്ടുകളും ദീര്‍ഘദൃഷ്ടിയോടുകൂടി ഫലത്തില്‍ കൊണ്ടുവരാന്‍ കഴിയുമ്പോള്‍ മാത്രമാണു് കുട്ടനാട് അനുഭവിക്കുന്ന ദുരിതത്തിനു് അറുതി വരുത്താന്‍ സാധിക്കുകയുള്ളുഎന്നഭിപ്രായപ്പെട്ടു. ഇതിനു് മറുപടിയായി ഗോപകുമാര്‍ മാഷ് സ്വാമിനാഥന്‍ കമ്മീഷന്‍ പ്രകാരം കുട്ടനാടിനുവേണ്ടി തയ്യാറാക്കിയ പാക്കേജുകള്‍ നടപ്പിലാക്കാത്തതിന്റെ വിമര്‍ശനങ്ങള്‍ ഉടനെ കോമ്മണ്‍സില്‍ അപ്‌ലോഡ് ചെയ്യാം“. അതു് കൂടാതെ തണ്ണീര്‍മുക്കം റഗുലേറ്ററിന്റെയും തോട്ടപ്പള്ളി സ്പില്‍ വേയുടെയും അപക്വതയും, അവയുടെ ഫലപ്രദമായ ഉപയോഗവും , കുട്ടനാട്ടില്‍ പഠനഫലമായി തയ്യാറാക്കിയ കാര്‍ഷിക കലണ്ടര്‍ നടപ്പിലാക്കേണടതിനെക്കുറിച്ചും കൃഷിക്കനുയോജ്യമായ വിത്തുലഭ്യത ഉറപ്പു് വരുത്തേണ്ടതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അടുത്തതായി പ്രദീപ് മാഷ്, എ.ഐ.ആര്‍.എഫ്.എം. ഉദ്യോഗസ്ഥനായ അദ്ദേഹവും ഒരു അഭിപ്രായത്തിനു് മുതിര്‍ന്നില്ല. വിക്കീപീഡിയ സംഗമോത്സവത്തില്‍ പങ്കെടുത്തതിലുള്ള സന്തോഷവും സംഘാടകര്‍ക്ക് നന്ദിയും രേഖപ്പെടുത്തി മൈക്ക് തിരികെ കൊടുത്തു. വിശ്വേട്ടന്‍ മൈക്ക് വാങ്ങി അനില്‍ മാഷിനു് നല്‍കി. “കുട്ടനാടിനെക്കുറിച്ച് വളരെക്കുറച്ച് സമയം ചെലവഴിച്ച അനുഭവംവച്ച് ഒരു അഭിപ്രായം പറയുവാന്‍ ഉടനടി സാധിക്കില്ല. പക്ഷേ നല്ല പഠനങ്ങള്‍ ആവശ്യമാണു് അവ ഉപയോഗപ്പെടുത്തേണ്ടതാണു്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വിക്കി സംഗമോത്സവത്തിനു് നല്ല അഭിപ്രായമാണു് അറിയാന്‍ കഴിഞ്ഞത്“,  തൃപ്തികരമായ അഭിപ്രായം, അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളറിയിച്ചു്കൊണ്ട് അദ്ദേഹം നിര്‍ത്തി. അടുത്തതായി വിശ്വേട്ടന്‍ വിക്കിപീഡിയ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി ഡയറക്ടര്‍ വിഷ്ണുവര്‍ദ്ധനാണു് മൈക്ക് കൈമാറിയത്. പൊതുവേ ഇവിടുത്തെ ജനങ്ങള്‍ക്ക് എക്കോ എവെയര്‍നെസ്സ് ഉണ്ടാക്കിയെടുക്കുകയാണു് വേണ്ടതെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. അതു് ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ശ്രീ അരുണ്‍ അഭിപ്രായപ്പെട്ടു.

ഈ സമയത്തൊക്കെ എന്റെ ചിന്ത ശ്രീജിത്ത് മാഷ് മത്സ്യത്തിനു് തീറ്റകൊടുക്കാന്‍ കായലിലെറിഞ്ഞ ചോറിനെക്കുറിച്ചായിരുന്നു. സത്യം പറഞ്ഞാല്‍ അവിടെ ഒരഭിപ്രായം പറയാന്‍ എനിക്ക് മടിതോന്നി, കുട്ടനാട്ടിന്റെ ശോചനിയാവസ്ഥയില്‍ നിന്നുള്ള മോചനത്തെക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ക്ക് എനിക്ക് വെറും അഞ്ചുമണിക്കൂറിന്റെ അനുഭവം പോര. പക്ഷേ കുട്ടനാട്ടിലെ കര്‍ഷകന്റെ കഷ്ടപ്പാടും അദ്ധ്വാനവുംകാണുമ്പോള്‍ ഞാന്‍ തൊട്ടുമുമ്പു്വരെ കഴിച്ച അരിയ്ക്ക് കേവലം മുപ്പതോ നാല്പതോ അമ്പതോ അഞ്ഞൂറോ രൂപ കൊടുത്താല്‍‌ പകരമാകില്ലായെന്ന സത്യമാണു് എനിക്കിവിടെ പറയാനുള്ളത്. മണ്ണിനോടു് മല്ലിട്ടു് കര്‍ഷകനു് ഇന്നും കിട്ടുന്നത് ഇരുന്നോറോ മുന്നോറോ രൂപാ ദിവസക്കൂലിയാണു്.

1939 – 1940 കാലഘട്ടത്തിലാണു് സഖാവ് വി.എസ് ന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം രൂപപ്പെട്ടതു്. ഇവ വിവരിക്കവെ ആനന്ദക്കുട്ടന്‍മാഷ് .എന്‍.വി.യുടെ കവിത മൂളിത്തുടങ്ങി….

“ഇരുനാലഞ്ചുപതിറ്റാണ്ടിന്‍മുമ്പൊരുനാളീ മണ്ണില്‍

ഒരു കൊടിപൊങ്ങി ചേറില്‍നിന്നൊരു ചുവന്നതാമരപോല്‍

കര്‍ഷക പ്രസ്ഥാനം രൂപപ്പെട്ടതിന്റെ ഭാഗമായി പള്ളാതുരുത്തില്‍ വി.എസ്ന്റെ നേതൃത്വത്തില്‍ മര്യാദക്കൂലിക്കുള്ള ആദ്യ സമരം നടന്നു. പിന്നീട് ശ്രീമൂലം മംഗലം കായല്‍ സമരം, തുപ്പപ്പുറം സമരം തൂടങ്ങീ വലിയ സമരങ്ങള്‍ കര്‍ഷകര്‍ നയിച്ചു. കൊല്ല വര്‍ഷം ൧൧൧൭ ല്‍ 1942 –ല്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ ബൈ ലോ അംഗീകാരത്തില്‍ വന്നു. അതുവരെ അന്തിവരെ പണിയെടുത്ത് കൂലിപോലുംകിട്ടാതിരുന്ന കര്‍ഷന് തൊഴിലാളിപ്രസ്ഥാനം നേടിക്കൊടുത്തത് ഏഴിനൊന്നു് പതവും പതത്തിന്റെ നാലിലൊന്നു് തീര്‍പ്പുമാണു്. ഒരു പറയുണ്ടെങ്കില്‍ അതില്‍ പത്തിടങ്ങഴി കര്‍ഷകനു്. സഖാവ് .എം.എസിന്റെ ഒന്നാം ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകനു് കുടികിടപ്പവകാശവും ലഭിച്ചു. മണ്ണില്‍ നിന്നും ഫ്ലാറ്റ്കെട്ടി എ.സി. റൂമില്‍ അടച്ചിട്ട് ഉന്നത ജീവിതനിലവാരം പുലര്‍ത്തുമ്പോഴും കടല്‍ നിരപ്പില്‍നിന്നും രണ്ടരമീറ്ററോളം താഴെ ചതുപ്പുനിലത്ത് വിളവിറക്കുന്ന കുട്ടനാടന്‍ കര്‍ഷകന്റെ ചേറും വിയര്‍പ്പുംവീണ നെന്മണികള്‍തന്നെ വേണം ഓരോ കേരളീയന്റെയും ഒരു നേരത്തെ വിശപ്പടക്കാന്‍.

ആ ചര്‍ച്ചയ്ക്ക് അവസാനംകുറിച്ച് ഞങ്ങള്‍ തിരികെ പുറപ്പെട്ടു. ബോട്ട് നേരെ പുന്നമടക്കായലിലേയ്ക്ക്

കരയില്‍ നീര്‍ക്കാക്കകള്‍ കൂട്ടംകൂട്ടിയ തെങ്ങുകള്‍കാണാം. തെങ്ങിന്റെ ഓലയിലെല്ലാം വെള്ള നിറത്തിലായി കാണപ്പെട്ടു. അവ നീര്‍ക്കാക്കകള്‍ കാഷ്ടിച്ച് വെള്ളനിറത്തിലായതാണു്. ക്രമേണ പ്രകാശസംസ്ലേഷണം നടത്താന്‍ കഴിയാതെ ആ തെങ്ങ് ഉണങ്ങിപ്പോകും. പാവം അവയ്ക്ക് ചേക്കേറാനൊരു ചില്ലയില്ല. തെങ്ങുതന്നെ ആശ്രയം. ബോട്ട് പുന്നമടക്കായലിലേക്ക് പ്രവേശിച്ചപ്പോള്‍ കായലില്‍ പോളകള്‍ ചിതറിക്കിടക്കുന്നതുപോലെ ഹൌസ്ബോട്ടുകള്‍ സഞ്ചാരികളുമായി ഉല്ലാസയാത്രയ്ക്കിറങ്ങിയിരിക്കുന്നു. എല്ലാം പ്രൌഢഗംഭീരമായ ഹൌസ് ബോട്ടുകളാണു്. രൂപംകൊണ്ടും ഭാവം കൊണ്ടും ഒന്നു് മറ്റൊന്നിനേക്കാള്‍ സുന്ദരിയായിരിക്കുന്നു. ഇത്രയും ഹൌസ്ബോട്ടുകള്‍ ഞാന്‍ ഇതുവരേയ്ക്കും കണ്ടിട്ടില്ല.

അകലെയായി കെട്ടുവള്ളങ്ങളുടെ കൂട്ടം

അകലെയായി കെട്ടുവള്ളങ്ങളുടെ കൂട്ടം

ഹൌസ് ബോട്ട്

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

hoseboat_viswa

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

കായല്‍ മലിനമാക്കുന്നതില്‍ ഹൊസ്ബോട്ടുകള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. 900 –ത്തോളം ലിറ്റര്‍ മണ്ണെണ്ണയും ഓയിലുമാണു് അനുദിനം ഇവയെല്ലാം കായലിലേയ്ക്ക് തള്ളിവിടുന്നത്. ഏറിയാല്‍ ഒരു തലമുറയേ കുട്ടനാടിന്റെ വിനോദസഞ്ചാരം നിലനില്‍ക്കുകയുള്ളൂ. അപ്പോഴത്തേയ്ക്കം കുട്ടനാടിന്റെ കായലുകള്‍ മലീമസമായി മത്സ്യങ്ങള്‍ക്കും കായല്‍ജീവികള്‍ക്കും ആവസായോഗ്യമല്ലാതാവും. കാരണം രണ്ടാണു്. തോട്ടപ്പള്ളി സ്പില്‍ വേ, തണ്ണീര്‍മുക്കം റഗുലേറ്റര്‍.

വര്‍ഷകാലത്ത് കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും മോചനം നേടുവാന്‍ വേണ്ടിയാണു് 1950 –ലെ പഠനംസംഘം തോട്ടപ്പള്ളി സ്പില്‍വെ സ്ഥാപിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്. പി.എച്ച്. വൈദ്യനാഥന്‍ നേതൃത്വം നല്‍കി 1951 –ല്‍ പണിയാരംഭിച്ച് 1200 മീറ്റര്‍ നീളത്തിലും വീതിയിലുമായി 1954 –ല്‍ പ്രവര്‍ത്തനയോഗ്യമാക്കിയ തോട്ടപ്പള്ളി സ്പില്‍ വെ, അച്ചന്‍കോവില്‍ പമ്പ, മണിമലയാറ് എന്നിവയെ സ്പില്‍വെ ലാന്ഡിങ്ങ് ചാനല്‍ വഴി കടലിലേയ്ക്ക് ഒഴുക്കി നിയന്ത്രിച്ചു. പക്ഷേ അരയന്മാര്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ഇതൊരു ദുരന്തമാണെന്നു് പറഞ്ഞു. കാരണം കടലില്‍ വെള്ളം താണെങ്കില്‍ മാത്രമേ സ്പില്‍വേ വഴി വെള്ളം ഒഴുകുകയുള്ളൂ. അധികം വൈകാതെതന്നെ തോട്ടപ്പള്ളി സ്പില്‍വെ വികലമായൊരു പദ്ധതിയായി മാറി. അക്ഷരാര്‍ത്ഥത്തില്‍ കുട്ടാനാട്ടുകാര്‍ക്ക് തോട്ടപ്പള്ളി സ്പില്‍വെ യാതൊരു പ്രയോജനവുമില്ലാതായിമാറി. നിലവില്‍ ലാന്‍ഡിങ്ങ് ചാനലിനു് 400 മീറ്റര്‍ വീതിയേ ഉളളൂ, ഇതിന്റെ വീതികൂട്ടിയാല്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നു് വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതും അപക്വമായ നിലപാടായാണു് കാണുന്നത്.

1958 –ല്‍ , വൃശ്ചികമാസം കടലില്‍ നിന്നു് ഓര് വെള്ളം കയറാതിരിക്കാനായി തണ്ണീര്‍മുക്കം റഗുലേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങി. ചേര്‍ത്തലക്കടുത്ത്തണ്ണീര്‍മുക്കത്തും  വൈക്കത്തിനടുത്ത് വെച്ചൂരുമായാണു് കായലിനു് ഏറ്റവും വീതികുറഞ്ഞസ്ഥലം കണ്ടെത്തിയത്. 1500 മീറ്ററാണു് ഇവിടുത്തെ വീതി. അതില്‍ വെച്ചുരില്‍ നിന്നു് 500 മീറ്ററും, തണ്ണീര്‍മുക്കത്തുനിന്നു് 500 കഴിഞ്ഞാല്‍ നടുവിലുള്ള 500 മീറ്ററിലായി 90 ഷട്ടറുകള്‍ നിര്‍മ്മിക്കുവാനായാണു് പ്ലാന്‍ ചെയ്തത്. 1976 ആയിട്ടും പദ്ധതി മുഴുവനാക്കാനായില്ല. ഇതില്‍ ക്ഷോഭിച്ച് ജനം നടുവിലുള്ള ഭാഗം മണ്ണിട്ടു നികത്തി. അങ്ങനെ തണ്ണീര്‍മുക്കം റഗുലേറ്റര്‍ തണ്ണീര്‍മുക്കം ബണ്ടായിമാറി. പെട്ടെന്നുള്ള ക്ഷോഭത്തില്‍ ജനം വേമ്പനാട്ടുകായലിനോട് ചെയ്ത പ്രവൃത്തിയുടെ പ്രത്യാഘാതം വളരെ വലുതായിരുന്നു. കാലക്രമേണ ബണ്ടിന്റെ വലതുവശം വേമ്പനാട്ടികായലിലെ മത്സ്യസമ്പത്ത് കുത്തനെയിടിഞ്ഞു. ഇതിനെ ആശ്രയിച്ചിരുന്ന കൊല്ലം ജില്ലവരെയുള്ള 20000-ലേറെ മത്സ്യത്തൊിലാളികളെ പ്രതിസന്ധികാര്യമായി ബാധിച്ചു. കടലില്‍ നിന്നും കായലിലേയ്ക്ക് വര്‍ഷാവര്‍ഷം കേറിവരുന്ന മീനുകള്‍ ഇതില്‍ മുട്ടയിട്ട് പ്രജനനം നടത്തി  തിരികെ പോകുന്നതോടെയാണു് കായലിലെ മത്സ്യസമ്പത്ത് സന്തുലിതമായി നിന്നിരുന്നത്. ബണ്ടുവീണതോടുകൂടി വൈക്കം ഭാഗംവരെയുള്ള കൊച്ചിക്കായലുവരെമാത്രമേ മത്സ്യസമ്പത്തുള്ളൂ എന്നസ്ഥിതി വന്നു. ഇതൊരു ഭാഗം, അടുത്തത് അതിലും രൂക്ഷമായ പ്രത്യാഘാതമാണു്. ഓര് വെള്ളം കേറുന്നതോടെമാത്രമേ കായലിലെ ജലം ശുദ്ധീകരിക്കപ്പെടുന്നുള്ളൂ. കായലിലെ വെള്ളം കടലിലേക്കൊഴുകിയാലേ നദികളില്‍ നിന്നു് കായലിലടിഞ്ഞുകൂടുന്ന പാഴ്‌വസ്തുക്കള്‍ നീക്കംചെയ്യപ്പെടൂ. ഓര്‌വെള്ളം കോറാതായപ്പോള്‍ കായലിന്റെ ശുദ്ധീകരണം പാടേ നിലച്ചു. പാഴ്‌വസ്തുക്കളടിഞ്ഞുകൂടി കായല്‍ മലിനമായികൊണ്ടിരിക്കുകയാണു്. പണ്ടുകാലങ്ങളില്‍ കുട്ടനാട്ടുകാരുടെ ജീവിത ശൈലികാരണം അവരോളം പ്രതിരോധശേഷി ആര്‍ക്കും ഇല്ലെന്നായിരുന്നു വാദം. ഉപ്പിട്ടുഴിയുകയെന്ന വിശേഷാല്‍ ചികിത്സാരീതിവരെ പേരുകേട്ടതായിരുന്നു. ഇന്നു് കുട്ടനാട്ടുകാര്‍ക്കിതൊന്നും അവകാശപ്പെടാനാവില്ല. കായലിലെ ജലം മലിനമായതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ മാറിമാറിവരുന്നു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചപ്പനി വന്നു മരിച്ച 172 പേരില്‍ മൂന്നില്‍ രണ്ടും ചെറുപ്പക്കാരാണു്. ഒരു നാടിനു് ഇതില്‍പ്പരം ലജ്ജിക്കുവാന്‍ എന്തുവേണം? ആരും അറിയാതെ പോയ വലിയൊരു സത്യം കുട്ടനാട്ടിലെ ഒരു വിഭാഗം കടുത്ത അര്‍ബുദരോഗികളായി മാറുന്നുയെന്നതാണു്? വര്‍ഷാവര്‍ഷം നെല്ലുകള്‍ക്കുംമറ്റുമായി 200 ടണ്‍ കീടനാശിനിയാണു് കുട്ടനാടിടലെ പാടങ്ങളിലും കായലിലുമായി വീഴുന്നത്. തൊട്ടുമുമ്പ് ഞാന്‍ കഴിച്ച കക്കയിറച്ചിയിലാണു് വേമ്പനാട്ടുകായലില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി ഭീകരന്‍ എന്‍ഡോസള്‍ഫാന്‍ കാണപ്പെടുന്നതെന്ന് മാഷില്‍നിന്നും അറിഞ്ഞപ്പോള്‍ എനിക്കാകെ അമ്പരപ്പായി. ഇടുക്കിയിലും ഹൈറേഞ്ചിലും തേയിലയ്ക്കും ഏലത്തിനും മറ്റുമായി തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ നദിയിലൂടെ വേമ്പനാട്ടുകായല്‍വരെ വന്നടിഞ്ഞുകൂടുന്നു. ഇവയുടെയൊക്ക ഫലമായിട്ടാകും കുട്ടനാട്ടുകാരെ മാരകരോഗികളാക്കി മാറ്റുന്നത്.

തണ്ണീര്‍മുക്കം റഗുലേറ്റര്‍ തുറക്കണമെന്നവാദം മത്സ്യത്തൊഴിലാളികള്‍ക്കും അടച്ചിടണം എന്ന വാദം കര്‍ഷകര്‍ക്കുമിടയില്‍ വലിയൊരുള്‍പ്പോരിനു കളമൊരുക്കി. പ്രശ്നം മതിയായ ഇടപെടലുകളില്ലാത്തതിനാല്‍ പലപ്പോഴും മോശം അവസ്ഥവരെ എത്തിച്ചു. മത്സ്യത്തൊഴിലാളികള്‍ റഗുലേറ്റര്‍ തുറന്നുവിട്ടു. ഓര്‌വെള്ളം അകത്തോട്ടു് കയറിയെന്ന വാക്കുതര്‍ക്കത്തില്‍ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഏറ്റുമുട്ടി. ഇതു് ജാതിപ്രശ്നമായിവരെ വഷളായിരുന്നു.

കുമരകത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല, ഭൂമാഫിയകളും വന്‍കിടക്കമ്പനികളും കായല്‍ നിവാസികളില്‍ നിന്നും മോഹവിലകൊടുത്ത് സ്ഥലം വാങ്ങി. അവരൊക്കെ കിട്ടിയപണംകൊണ്ട് ഹൈറേഞ്ചുകള്‍ തേടി കുമരകം വിട്ടു. കുമരകത്ത് വിനോദസഞ്ചാരത്തിനായി ചതുപ്പു നിലത്ത് അശാസ്ത്രീയമായി ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണു്. കായലിനെ ഒരു ഭാഗത്തുകൂടി ഇവരെല്ലാം കയ്യേറി ഇവിടത്തെ സമ്പത്ത് ഇപ്പോഴും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു.

കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളില്‍ വ്യാപൃതമായ കുട്ടനാട്ടില്‍ കുട്ടനാട് താലൂക്ക് മാത്രമാണു് ആലപ്പുഴക്ക് സ്വന്തം. കുട്ടനാടിനെ കാര്‍ഷിക മേഖലയായി തിരിച്ച അപ്പര്‍ കുട്ടനാട് , കായല്‍ , വൈക്കം , ലോവര്‍ കുട്ടനാട് , വടക്കന്‍ കുട്ടനാട് , പുറക്കാട്ട് കരി എന്നീ 54000 ഹെക്ടര്‍ മേഖലയെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഒപ്പം കുട്ടനാടിന്റെ നിലവിലത്തെ സ്ഥിതി മാറ്റിയേപറ്റു. വരാനിരിക്കുന്ന വിപത്തില്‍ നിന്നും കേരളത്തിന്റെ വൃക്കയായ കുട്ടനാടിനെ സംരക്ഷിച്ചേമതിയാവൂ. തോട്ടപ്പള്ളി സ്പില്‍ വേ യുദ്ധകാലടിസ്ഥാനത്തില്‍ നവീകരിക്കുകയും ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് തണ്ണീര്‍മുക്കം റഗുലേറ്റര്‍ ഉടനടി പുനസ്ഥാപിക്കുകയും , ഓര്‌വെള്ളം കടലില്‍ നിന്നു് കായലിലേയ്ക്ക് ഒഴുകുന്ന ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ റഗുലേറ്റര്‍ അടച്ചിട്ടും, കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി ഓരുവെള്ളെം കയറുന്നവണ്ണം ഓരോ കരിനിലത്തിലും വിത്തിട്ട് വിളവെടുത്ത് പഴയസ്ഥിതി കൈവരിച്ചു് കുട്ടനാടിനെ മാറ്റിയെടുത്തില്ലെങ്കില്‍ മുമ്പ് തിരുവിതാകൂര്‍ നേരിട്ടതിലും കടുത്തക്ഷാമം കേരളത്തില്‍ അനുഭവപ്പെടുമെന്നതില്‍‌ സംശയമില്ല. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയ്ക്ക് നല്ല പ്രചാരണം നല്‍കുകയും നാടിന്റെ പ്രശ്നപരിഹാരത്തിനായി ഒരുമയോടെ ഒത്തിച്ചുനിര്‍ത്താനായുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍തന്നെ നടത്തേണം.

 

ഞങ്ങള്‍ പുന്നമടക്കായലിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുമ്പോള്‍ അങ്ങകലെയായി എനിക്ക് പാതിരാമണല്‍ പച്ചപ്പോടെ കാണാമായിരുന്നു. നാലുവര്‍ഷം ഉപരിപഠനകാലയളവില്‍ ചേര്‍ത്തല ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലുണ്ടായിട്ടുപോലും എനിക്കവിടെ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ഇനി എന്നാണാവോ….?

ഉച്ചയൂണു് കഴിഞ്ഞതിനുശേഷം ബോട്ടില്‍ ആരുടേയും ശബ്ദം ഉയര്‍ന്നുകണ്ടില്ല. ആനന്ദക്കുട്ടന്‍മാഷ് താഴെ ഡ്രൈവറുടെ കാബിനിലേക്ക് പോയി. അദ്ദേഹത്തെ അനുഗമിച്ച് ഞാനും.

ബോട്ട് ആലപ്പുഴ ജട്ടിയെ ലക്ഷ്യം വെച്ചു് അല്പം വേഗത്തിലായി. എതിരെ വന്ന ഹൌസ്ബോട്ടിനു് വിദഗ്ദ്ധമായി ഡ്രൈവര്‍ വഴിമാറിക്കൊടുത്തു. “കരയിലെ അഭ്യാസം വെള്ളത്തില്‍ നടക്കില്ലാ,  വെള്ളത്തിലേത് കരയിലും”. ഗോപകുമാര്‍ മാഷ് ഇന്നലെ പറഞ്ഞതൊന്നു് ഓര്‍ത്തുപോയി. കായലോരത്ത് ഒദളങ്ങ കണ്ടപ്പോള്‍ വിശ്വേട്ടന്‍ അത് കാമറയ്ക്കകത്താക്കി.

വിശ്വേട്ടന്‍ പകര്‍ത്തിയ ഒദളങ്ങ

കരയില്‍ ഞങ്ങളുടെ തിരിച്ചുവരവും കാത്ത് ചെറിയ വഞ്ചിപ്പുരകള്‍ ഓരം പറ്റിയിരിക്കുന്നു. ജട്ടിയോടടുത്തുകൊണ്ടിരിക്കുന്നതിനോടൊപ്പം വെള്ളത്തിനു് കറുപ്പ് നിറം കൂടിവരുന്നു.

ജട്ടിയോടടുക്കുന്ന കാഴ്ച

ജട്ടിയോടടുക്കുന്ന കാഴ്ച

സഞ്ചാരികളേയും കാത്ത്

സഞ്ചാരികളേയും കാത്ത്

ഞാന്‍ ബോട്ടിന്റെ ഉള്‍വശത്ത് ആന്ദക്കുട്ടന്‍മാഷിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു. ബോട്ട് ഡ്രൈവറോടൊപ്പം എന്നേയും മാഷിനോയും നിര്‍ത്തി വിശ്വേട്ടന്‍ ഫോട്ടോകളെടുത്തു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന വിക്കിപീഡിയ ബനിയനും ബാഗും മാഷിനു് നല്‍കി. കുട്ടനാടിന്റെ നൂറിലൊരംശമേ നമ്മള്‍ പങ്കുവച്ചിട്ടുള്ളൂ , ഈ എഴുതിക്കൂട്ടിയതെല്ലാം വിക്കിപീഡിയയില്‍ എഴുതണമെന്നു് മാഷ് ഒരിക്കല്‍ക്കൂടി എന്നെ ഓര്‍മ്മപ്പെടുത്തി. കണ്ടതും കേട്ടതുംതന്നെയിത്ര… ഇനി കാണാനും കേള്‍ക്കാനും എത്ര? വിളിക്കാം, വീണ്ടുംകാണാം എന്നുംപറഞ്ഞ് മാഷിന്റടുത്തുനിന്നു് വിടവാങ്ങി.

വിക്കി ഫലകം ആനന്ദക്കുട്ടന്മാഷിനു് സുജിത്തേട്ടനും വിഷ്ണു വര്‍ദ്ധനും ചേര്‍ന്നു് നല്‍കുന്നു

ഒരു വിനോദ സഞ്ചാരിയുടെ നിറഞ്ഞമനസ്സുമായി എനിക്ക് ഇവിടെ നിന്നും മടങ്ങുവാനാകില്ല, ഞാന്‍ പിന്‍വാങ്ങുന്നത് ഒരു സ്വദേശിയുടെ വിങ്ങുന്ന മനസ്സുമായിട്ടാണു്. കാര്‍ഷിക സംസ്കാരത്തിന്റെ പാരമ്പര്യമുണ്ടായിട്ടും ഒരു കര്‍ഷകന്റെ യഥാര്‍ത്ഥ ജീവിതം കാണുവാന്‍ ജീവിത്തിന്റെ കാല്‍നൂറ്റാണ്ട് വേണ്ടിവന്ന ദൌര്‍ഭാഗ്യവാനായ മലയാളി….

യാത്രയുടെ ജിപിഎസ് ലോഗ് ഫയല്‍

യാത്രയുടെ ജിപിഎസ് ലോഗ് ഫയല്‍

ബോട്ട് ജട്ടിയോടടുപ്പിച്ചു. ഓരോ യാത്രകളും വ്യത്യസ്തമായ അനുഭവങ്ങളാണു്, പ്രദേശത്തേയും ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണു്. ഓളപ്പരപ്പില്‍ നിന്നും രണ്ടരമീറ്റര്‍ മുകളിലായി ഒരു ചരിത്രനിയോഗത്തില്‍ പങ്കാളിയായി ബോട്ടില്‍ നിന്നും കരയിലേക്കു് കാലെടുത്തുവെച്ച് ഈ സൌഹൃദയാത്രയ്ക്കു് വിരാമമിട്ടു.

യാത്രയ്ക്കു ശേഷം അന്യ ഭാഷാ വിക്കീപീഡിയരൊടൊപ്പം. സുജിത്തേട്ടന്‍, വിഷ്ണുവര്‍ദ്ധന്‍,ഗോപകുമാര്‍ മാഷ്,വിശ്വേട്ടന്‍,റഹ്മാനുദ്ദീന്‍ ഷെയ്ക്ക്, പ്രവീണ്‍,രവിശങ്കര്‍,സുഭാശിഷ‍്

യാത്രയ്ക്കു ശേഷം അന്യ ഭാഷാ വിക്കീപീഡിയരൊടൊപ്പം.
സുജിത്തേട്ടന്‍, വിഷ്ണുവര്‍ദ്ധന്‍,ഗോപകുമാര്‍ മാഷ്,വിശ്വേട്ടന്‍,റഹ്മാനുദ്ദീന്‍ ഷെയ്ക്ക്, പ്രവീണ്‍,രവിശങ്കര്‍,സുഭാശിഷ‍്

മനസ്സിനു് ഒരുപാട് സംതൃപ്തിയും അതിലുപരി കുട്ടനാടിന്റെ ചരിത്രത്തെ അല്പമെങ്കിലും മനസ്സിലാക്കിയെന്ന എളിയ അഹങ്കാരത്തോടെയും അനില്‍ മാഷിനോടും സുജിത്തേട്ടനോടും എന്റെ പ്രിയ സുഹൃത്ത് നയീബിനോടും അച്ചു,സുപ്പു കൊച്ചു വിക്കീപീഡിയരോടും യാത്ര പറഞ്ഞ്  കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുപിടിയ്ക്കാന്‍ ശ്രീക്കുട്ടിയുടെ കയ്യുംപിടിച്ചു് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലേയ്ക്ക് നടന്നു. സംഘാടകര്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി……..!!!

***

ഭവ്യതഃ മലയാളം വിക്കീപീഡിയ ; ചിത്രങ്ങള്‍ക്ക്ഃ – വിശ്വപ്രഭ, ജിജോ എം തോമസ് , അഖില്‍ കൃഷ്ണന്‍, അദീബ് മുഷിന്‍ പി ,ജയ്സെന്‍ നെടുമ്പാല, ശിവ വൈക്കം, സുഗീഷ് സുബ്രഹ്മണ്യന്‍, രാജേഷ് ഒടയഞ്ചാല്‍
ജിപിഎസ് ലോഗ്: – ജയ്സെന്‍ നെടുമ്പാല

വലിയ കടപ്പാട് : ആനന്ദക്കുട്ടന്‍ മാഷ്
Email:banandakuttan@gmail.com

വിക്കി ജലയാത്ര കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഈ കണ്ണിയില്‍ അമര്‍ത്തുക – സന്ദര്‍ശിക്കുക

 

വായിക്കുന്ന സുഹൃത്തുക്കള്‍ അഭിപ്രായം പങ്കുവയ്ക്കാനും തെറ്റു തിരുത്താനും താല്പര്യം

Advertisements

27അഭിപ്രായങ്ങള്‍ (+add yours?)

 1. Sugeesh G Subrahmanyam
  ഡിസം 30, 2013 @ 09:02:51

  കൊള്ളാം.. അല്പം താമസിച്ചായാലും ആധികാരികമായി കുട്ടനാടിന്റെ ചരിത്രം തന്നെ ചേർത്തിരിക്കുന്നു. എഴുതിയെടുത്തവ ഞാൻ വിക്കിപീഡിയയിൽ എത്തുമെന്നാണ് കരുതിയത്.. എങ്കിലും ഇതാണ് ഏറ്റവും നന്നായി തോന്നുന്നത്…

  അഭിനന്ദനങ്ങൾ….

  മറുപടി

 2. viswam
  ഡിസം 30, 2013 @ 09:10:55

  മൊത്തം വിക്കിജലയാത്രയും ഈ ഒരൊറ്റ യാത്രാവിവരണത്തിലൂടെത്തന്നെ മലയാളത്തിനും കുട്ടനാടിനും മുതൽക്കൂട്ടായല്ലോ!

  :)

  മറുപടി

 3. Sanu N
  ഡിസം 30, 2013 @ 10:36:47

  നന്നായിരിക്കുന്നു. ഒരിക്കല്‍കൂടി യാത്രചെയ്ത പ്രതീതി.

  മറുപടി

 4. നെടുമ്പാല ജയ്സെന്‍
  ഡിസം 30, 2013 @ 11:14:57

  യാത്രാവിവരണം അസ്സലായി. എന്നേം സില്‍മേലെടുത്തിട്ടുണ്ടല്ലോ… :)

  മറുപടി

 5. Netha Hussain
  ഡിസം 30, 2013 @ 12:35:30

  വളരെ വളരെ നന്നായിരിക്കുന്നു. കഥപോലെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. ആനന്ദക്കുട്ടന്‍ മാഷിന് വിക്കിഫലകം നല്കുന്ന വ്യക്തിയുടെ പേര് വിഷ്ണു വര്‍ദ്ധന്‍ എന്നാണ്. തിരുത്തുമല്ലോ.

  മറുപടി

 6. Hrishi | Stultus
  ഡിസം 30, 2013 @ 13:28:42

  മനോഹരമായ വിവരണം .. നന്ദി :)

  മറുപടി

 7. Manoj K
  ഡിസം 30, 2013 @ 14:33:15

  ചില തിരക്കുകള്‍ വന്ന് പെട്ടതുകൊണ്ട് അന്ന് രാവിലെ തന്നെ ആലപ്പുഴയോട് വിടപറയേണ്ടി വന്നു.ഇത് വായിച്ചപ്പോള്‍ ജലയാത്രയില്‍ പങ്കെടുത്ത പ്രതീതി. നന്ദി പ്രശോഭ്

  മറുപടി

 8. hassainarmankada
  ഡിസം 30, 2013 @ 15:58:13

  നന്നായിട്ടുണ്ട് പ്രശോഭ്.. ഇത്രയധികം എഴുതിപ്പിടിപ്പിച്ചതിന്റെ പിന്നിലെ അധ്വാനത്തെ നമിക്കുന്നു…

  മറുപടി

 9. സി എം മുരളീധരന്‍
  ഡിസം 30, 2013 @ 16:34:12

  പ്രിയ പ്രശോഭ്, ആലപ്പുഴ വെച്ച് കാണാമല്ലോ എന്ന് പറഞ്ഞാണ് നമ്മള്‍ തൃശ്ശൂരില്‍ നിന്നും പിരിഞ്ഞത്. പക്ഷേ, ചില ആരോഗ്യ പ്രശ്നങ്ങളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയി. വിവരണം നന്നായിരിക്കിന്നു. അഭിനന്ദനങ്ങള്‍.
  സ്നേഹത്തോടെ മുരളി

  മറുപടി

 10. Vinayaraj V R
  ഡിസം 30, 2013 @ 16:52:41

  “36000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉണ്ടായിരുന്ന വേമ്പനാട്ടുകായല്‍ ഇന്നു് 13000 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു.”

  “ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്.” – Wiki

  മറുപടി

 11. tksujith
  ഡിസം 30, 2013 @ 17:10:18

  വളരെ നന്ദി പ്രശോഭേ, വിശ്വേട്ടന്‍ വിഭാവനം ചെയ്തതുപോലെ, ഇതൊരു വിനോദയാത്രയല്ലാ പഠനയാത്രയായിരുന്നുവെന്ന് ഇതില്‍പ്പരം മറ്റൊരു തെളിവുവേണ്ടല്ലോ !
  എന്റെ നാടിനെ ഞാന്‍ അങ്ങനെ കുറേക്കൂടി അടുത്തറിഞ്ഞു. ഇതൊന്ന് സംഗ്രഹിച്ച് ഇംഗ്ലീഷിലേക്കും ആക്കിയാല്‍ സംഗതി ഗംഭീരമായി. ചില വിവരങ്ങളില്‍ വ്യക്തതയുണ്ടാവേണ്ടതുണ്ട്. അത് മെയിലില്‍ അറിയിക്കാം. ഏതായാലും പ്രശോഭ് മികച്ച എഴുത്തുകാരന്‍ മാത്രമല്ല, നല്ലൊരു വിദ്യാര്‍ത്ഥിയുംകൂടിയാണെന്ന് തെളിഞ്ഞു. ആനന്ദക്കുട്ടന്‍ മാഷിനെ ഇത് തീര്‍ച്ചയായും കാണിക്കും. അദ്ദേഹത്തിന് വളരെ സന്തോഷമാകും… വിക്കിസംഗമോത്സവം സംഘാടക സമതിക്കുവേണ്ടി ഒരിക്കല്‍ കൂടി നന്ദി പറയട്ടെ…

  മറുപടി

 12. Anoop
  ഡിസം 30, 2013 @ 19:14:02

  പ്രശോഭ് വളരെ നന്നായി എഴുതിയിരിക്കുന്നു. വായിച്ചു തീർന്നപ്പോൾ‌ നിങ്ങളോടൊപ്പം അദൃശ്യനായി പങ്കെടുത്ത പ്രതീതി. :(

  വായിച്ചപ്പോൾ ശ്രദ്ധയിൽ പെട്ട ചില തെറ്റുകൾ

  1. ടി.വി. കൊച്ചുബാവയുടെ വൃദ്ധമാതാവ് എന്ന നോവിലിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മാഷ് വിവരിച്ചു – നോവലിന്റെ പേരു വൃദ്ധസദനമെന്നാണു്. https://ml.wikipedia.org/wiki/%E0%B4%B5%E0%B5%83%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%B8%E0%B4%A6%E0%B4%A8%E0%B4%82_%28%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD%29

  2. ബോട്ട് യാത്രയില്‍ ക്ഷീണിച്ചതിനാല്‍ വിശപ്പിനു് വിശപ്പ് കൂടുതലായിരുന്നു. – ഭക്ഷണത്തിനു രുചി കൂടുതലായിരുന്നു എന്നായിരിക്കണം ഉദ്ദേശിച്ചത്. :)

  മറുപടി

 13. Adeeb Muhsin P
  ഡിസം 30, 2013 @ 19:47:42

  ഇതിലെ,(നിന്റെ)
  കുറവുകള്‍ മാത്രം
  തേടിയലഞ്ഞാണ്
  എന്റെ,
  കാല്‍ കഴച്ചത്,
  മേനി ശോഷിച്ചത്…
  ആ കഠിനാദ്ധ്വാനത്തെ
  വില മതിക്കാനാവാത്തതാക്കിയത്
  നിന്റെ തെറ്റ്!!
  അത്രമേല്‍ സുന്ദരമീ വിവരണം… <3

  മറുപടി

 14. അരുൺ രവി
  ഡിസം 30, 2013 @ 20:05:33

  വളരെ നന്ദി പ്രശോഭ്. തെക്കും തലക്കലായിരുന്നതു കൊണ്ട് കേൾക്കാൻ കഴിയാതിരുന്ന ഒരുപാടു വിവരങ്ങൾ ഈ ലേഖനത്തിലൂടെ കിട്ടി. തെക്കും തലക്കലിലെ വിശേഷങ്ങൾ ചോദിക്കരുത്.. അവിടെയും ചർച്ചകൾ ഉഷാറായിരുന്നെങ്കിലും ഇത്രയും ആത്മാർത്ഥമായി ഡോക്യുമെന്റേഷൻ നടത്തിയ ആരുമുണ്ടെന്ന് തോന്നുന്നില്ല.അതു കൊണ്ടെല്ലാം, അർദ്ധദ്രവരൂപത്തിൽ ഏതൊക്കെയോ തലച്ചോറുകളിൽ കിടക്കുന്നുണ്ടാവും. :)

  മറുപടി

 15. നായിബ് ഇഎം
  ഡിസം 31, 2013 @ 04:00:43

  ഒരിക്കല്‍ കൂടി ആ യാത്ര അതേപടി ആവര്‍ത്തിച്ച വായനാനുഭവം.

  മറുപടി

 16. Joseph Thomas
  ജനു 01, 2014 @ 11:33:50

  ഒറ്റയിരുപ്പിനു് വായിച്ചു് തീര്‍ത്തു. പങ്കെടുക്കാനാവാതിരുന്നതിന്റെ കുറവു് തീര്‍ത്തു. യാത്രാ വിവരണമാണോ കഥകളാണോ എന്ന സംശയം. കടന്നു് പോയ പ്രദേശത്തിന്റെ കഥകള്‍. ആനന്ദക്കുട്ടന്‍ മാഷ് എന്റെ സുഹൃത്തായി കഴിഞ്ഞു. എനിക്കറിയുന്ന സുജിത്തും അനിലും അച്ചുവും വിശ്വവും ഒഴിച്ചാല്‍ മറ്റെല്ലാവരും എനിക്കു് പുതിയ സൂഹൃത്തുകളായി. പ്രശോഭില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്ഗ്ദ്ധനൊപ്പം നല്ലൊരു സാഹിത്യകാരന്‍ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്നതും ഇതു് എന്നെ ബോധ്യപ്പെടുത്തി.

  നന്ദി പ്രശോഭ്. സംഘാടകന്‍ സുജിത്തിനു് നന്ദി വേറെ പറയുന്നുണ്ടു്.

  തോമസ്

  .

  മറുപടി

 17. ഭാഗ്യശ്രീ
  ജനു 02, 2014 @ 10:38:19

  കുട്ടനാടിന് ഒരു ആവരണമുണ്ട്.പാടങ്ങളും കായലോളങ്ങളും ആസ്വാദകരെ കാഴ്ച്ചക്കാരാക്കി മാറ്റുമ്പോള്‍ ഈ ലേഖനം വ്യത്യസ്തമാവുന്നു…

  മറുപടി

 18. Binoy
  ജനു 04, 2014 @ 06:53:15

  You have done it very nicely. Congratulations
  One small correction as far aThannermukkom Bund.
  Vechoor is on the side of Vaikom. Thannermukkom is near to cherthala

  മറുപടി

 19. Raghu
  ജനു 04, 2014 @ 18:33:55

  അനിൽ മാഷേ,
  ഇതിൽ “തണ്ണീർ മുക്കം ബണ്ടിനെപ്പറ്റി പറഞ്ഞുവോ” എന്ന ചങ്കിടിപ്പ് വായിക്കുമ്പോൾ ഉണ്ടായിരുന്നു. ഹാവൂ ആധികാരികമായി കൊടുത്തിരിക്കുന്നു. കുട്ടനാടിനെ അറിഞ്ഞ ഒരു ലിഖിതം ! സ്വാമിനാഥൻറെയും ശാസ്ത്രിയ മോഡലിങ്ങിനു പുറത്താണ് പല കൃഷി പ്രകൃതികളും. ശരിയല്ലേ ?

  തലങ്ങും വിലങ്ങും മണ്ണിട്ട് റോഡുണ്ടാക്കിയത്, അതിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാമായിരുന്നു – വിശദമായി… സർക്കാർ ബോട്ട് സർവീസ് നിന്നു പോയത്…

  ഒരു സിവിൽ എഞ്ചിനീയറിംഗ് വിഡ്ഢിത്തമായിരുന്നു തണ്ണീർ മുക്കം ബണ്ട്…

  “കരി” എന്ന പ്രയോഗം – നിലത്തെപ്പറ്റി…

  എൻറെ അമ്മാവൻറെ വീട് പുതുക്കരിയിൽ ആയിരുന്നു… 40 വർഷങ്ങൾക്ക് മുൻപ്, ഞാൻ സ്കൂൾ കുട്ടിയായിരുന്നപ്പോൾ “മലബാറിൽ” നിന്ന് ചങ്ങനാശ്ശേരിയിൽ ട്രെയിൻ ഇറങ്ങി, ബോട്ടിൽ അമ്മാവൻറെ വീട്ടു കടവിൽ ഇറങ്ങിയത്… നിങ്ങളുടെ “അക്കൗണ്ട്‌” വായിച്ചപ്പോൾ കണ്ണ്‍ ഈറനണിഞ്ഞു… എന്തുകൊണ്ടോ.

  മലബാറിലെ വീട്ടിൽ സൈക്കിൾ, പുതുക്കരിയിൽ കൊതുമ്പുവള്ളം. ഹായ്, കുളിരുകോരുന്നു !

  അട പ്രഥമൻ ഉണ്ടാക്കിയ ഉരുളി / ചരക്ക് വടിച്ചു നക്കിയത്… നാവിൽ വെള്ളമൂറുന്നു. ഇലയിൽ അരിമാവൊഴിച്ച് അടയുണ്ടാക്കുന്നത് കണ്ടത് ജലജച്ചേച്ചിയുടെ കല്യാണത്തിനാണ്.

  എല്ലാം… ഇനിയില്ല, സത്യം.

  മറുപടി

 20. നന്ദകുമാര്‍
  ജനു 24, 2014 @ 06:57:35

  എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാ വിവരണങ്ങള്‍ പോലെ ഒഴുക്കുള്ള ഭാഷയും ജലയാത്രയും വായനക്കാരനെ അവസാന വരി വരെയും പിടിവിടാതെ കൊണ്ടു ചെല്ലും.. നന്ദി പ്രശോഭ്.. ലിങ്ക് അയച്ചു തന്ന അഖിലിനും നന്ദി

  മറുപടി

 21. sreejithkoiloths
  ജനു 27, 2014 @ 14:44:13

  പ്രശേഭ്,
  കുട്ടനാടന്‍ കാഴ്ചകള്‍ മനസ്സില്‍ നിന്നു മാഞ്ഞുതുടങ്ങുകയായിരുന്നു. അപ്പൊഴാണിതു വായിക്കുന്നത്. വളരെ നന്ദി, വള്ളി പുള്ളി വിസര്‍ഗ്ഗം തെറ്റാതെയുള്ള ഓര്‍മ്മപ്പെടുത്തലിന്.
  മൊത്തത്തില്‍ സൊയമ്പന്‍ ..

  മറുപടി

 22. Satheesh Kumar.G
  ജുലാ 29, 2014 @ 09:21:08

  ഒരു ഒഴുക്കു പോലെ വായിച്ചു ……യാത്രയില്‍ ഞാന്‍ കൂടി ഉണ്ടായിരൂന്നെങ്കില്‍ എന്നു തോന്നി…..!
  അടുത്ത യാത്രയില്‍ എന്നെ കൂടി കൂട്ടുമോ….?

  മറുപടി

 23. leni joseph
  സെപ് 16, 2017 @ 09:16:33

  kumarakathu ninnu pathiramanalilekku 4 kilometre alla. muhammayilninnanu 4 kilometre

  മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: